വാഷിംഗ്ടൺ: മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ സംരക്ഷിക്കാനുള്ള ദൗത്യത്തിൽ തൻ്റെ ഏജൻസി പരാജയപ്പെട്ടുവെന്ന് ഏറ്റുപറഞ്ഞ് സീക്രട്ട് സർവീസ് ഏജനസി ഡയറക്ടർ കിംബർലി ചീറ്റിൽ. പെൻസിൽവേനിയയിലെ പ്രചാരണ റാലിയിലാണ് ട്രംപിനെതിരെ വധശ്രമം നടന്നത്.
സുരക്ഷയിൽ പിഴവുണ്ടായെന്നും ഉത്തരവാദിത്തം ഏൽക്കുന്നെന്നും ജനപ്രതിനിധി സഭയുടെ സമിതിക്കു മുൻപാകെ നടന്ന വിസ്താരത്തിൽ കിംബർലി ചീറ്റിൽ പറഞ്ഞു. എഫ്ബിഐ മേധാവി ക്രിസ്റ്റഫർ റേ ഈ സമിതിക്കു മുൻപാകെ നാളെ ഹാജരാകും. പെൻസിൽവേനിയ സംസ്ഥാനത്തെ ബട്‌ലറിൽ കഴിഞ്ഞ 13നു നടന്ന പ്രചാരണ പരിപാടിക്കിടെയാണ് ട്രംപിനു നേരെ വധശ്രമമുണ്ടായത്.
“നമ്മുടെ രാജ്യത്തിൻ്റെ നേതാക്കളെ സംരക്ഷിക്കുക എന്നതാണ് രഹസ്യ സേവനത്തിൻ്റെ ഗൗരവമേറിയ ദൗത്യം. ജൂലൈ 13-ന് ഞങ്ങൾ പരാജയപ്പെട്ടു,” അവർ ജനപ്രതിനിധി സഭയുടെ സമിതിയ്ക്കു മുമ്പാകെ പറഞ്ഞു.
റാലിയിൽ വെടിവയ്പ്പ് ഉണ്ടാകുന്നതിന് മുമ്പ് സംശയാസ്പദമായി ഒരാളെ കണ്ട കാര്യം രഹസ്യാന്വേഷണ വിഭാഗത്തോട് രണ്ടോ അഞ്ചോ തവണ പറഞ്ഞതായി കിംബർലി ചീറ്റിൽ സമ്മതിച്ചു. തോമസ് മാത്യു ക്രൂക്ക്‌സ് വെടിയുതിർത്ത മേൽക്കൂരയിലുണ്ടായേക്കാവുന്ന അപകട സാധ്യതയെക്കുറിച്ച് റാലിക്ക് ദിവസങ്ങൾക്ക് മുമ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. വധശ്രമത്തിന് ശേഷം ഫോണിൽ വിളിച്ച് ട്രംപിനോട് മാപ്പ് പറഞ്ഞതായി ചീറ്റിൽ പറഞ്ഞു.