യുഎസ് തിരഞ്ഞെടുപ്പ്: സുരക്ഷ ശക്തമാക്കി, എന്തും നേരിടാൻ സജ്ജരായി ഉദ്യോഗസ്ഥർ

യുഎസ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്ലാ ക്രമീകരണങ്ങളും സജ്ജമായതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. തിരഞ്ഞെടുപ്പിനിടയോ അതിനു ശേഷമോ ഉണ്ടാകാനിടയുള്ള കുഴപ്പങ്ങൾ നേരിടാൻ അതതു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ സംവിധാനം തയാറായി. സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ആശങ്കകൾക്കിടയിൽ കലാപത്തെവരെ നേരിടാൻ വരെ അവർ സജ്ജരാണ്.

വോട്ടർമാരുടെ സുരക്ഷയുടേയും വോട്ട് എണ്ണൽ പ്രക്രിയയുടെ സമഗ്രത ഉറപ്പാക്കുന്നതിൻ്റെയും ഫലമായി യുഎസിലുടനീളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സുരക്ഷാ നടപടികൾ വർധിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരായ രണ്ട് കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ അക്രമ ഭീഷണികളാണ് ഈ നടപടികളിലേക്ക് നയിച്ചത്.

പല പോളിംഗ് ലൊക്കേഷനുകളിലും പാനിക് ബട്ടണുകൾ വച്ചിട്ടുണ്ട്. പൊലീസിൻ്റെയും മറ്റ് പ്രാദേശിക നിയമപാലകരുടേയും സാന്നിധ്യം വർധിപ്പിച്ചിട്ടുമുണ്ട്.

രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും നേരെ നിരവധി ഭീഷണികൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. മിക്ക തിരഞ്ഞെടുപ്പ് ഓഫിസുകളിലും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, ബാഡ്ജ് റീഡറുകൾ, സുരക്ഷാ ക്യാമറകൾ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു.

അപകടകരമായേക്കാവുന്ന മെയിലുകൾ കൈകാര്യം ചെയ്യുന്നതിനും അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് പരിശീലനം നകിയിട്ടുണ്ട്.

ഫലം പുറത്തുവരുമ്പോൾ മറനീക്കാൻ സാധ്യതയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, ഡിജിറ്റലി പ്രചരിക്കാനിടയുള്ള തെറ്റായ വിവരങ്ങൾ, സംഘർഷങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നതിനാൽ അവയെ നേരിടാനും ഇരുപാർട്ടികളും തയ്യാറെടുക്കുന്നു.

സ്വിങ് സ്റ്റേറ്റുകളിൽ സുരക്ഷയ്ക്കാണ് മുൻഗണന. ഫിലഡൽഫിയയിൽ വോട്ടെണ്ണൽസ്ഥലം മുള്ളുവേലികെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. അരിസോണയുടെ സൈബർ ഡിവിഷൻ, സംശയം ജനിപ്പിക്കുന്ന ഡീപ്ഫേക്ക് വീഡിയോ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഭീഷണികളെ സജീവമായി നേരിടുന്നു.

വിദേശ ഇടപെടലിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. റഷ്യയുമായി ബന്ധപ്പെട്ട സൈബർ ആക്രമണങ്ങളും തെറ്റായ വിവരപ്രചാരണങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനാൽ സർക്കാർ ഏജൻസികൾ അതിജാഗ്രതയിലാണ്. പെൻസിൽവേനിയയിൽ, തപാൽ ബാലറ്റുകൾ നശിപ്പിച്ചതായി കാണിക്കുന്ന ഒരു വീഡിയോ കൃത്രിമമാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടുത്തിടെ അറിയിച്ചിരിന്നു

അഭിപ്രായ വോട്ടെടുപ്പുകളും മുൻകൂർവോട്ടിങ് തരംഗവും ഡെമോക്രാറ്റിക് പാർട്ടിയെ ആവേശത്തിലാക്കുമ്പോൾ ഭരണവിരുദ്ധവികാരത്തിന്റെ ആത്മവിശ്വാസത്തിലാണ് ട്രംപ് വിഭാഗം, സ്വിങ് സ്റ്റേറ്റുകളും തങ്ങൾക്ക് അനുകൂലമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എണ്ണത്തിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ മുൻവർഷത്തെപ്പോലെ അട്ടിമറി ആരോപണവുമായി റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്താൻ സാധ്യതയുണ്ട്. റെക്കോഡ് പോളിങും ഉയർന്ന സുരക്ഷയും തീവ്രമായ വാദപ്രതിവാദങ്ങളുമുള്ളതിനാൽ ഈ തിരഞ്ഞെടുപ്പ് ആധുനിക അമേരിക്കൻ ചരിത്രത്തിൽ സുപ്രധാനമായ ഏടാകും.

Securities measures enhanced, officers prepared for US election and Counting

More Stories from this section

family-dental
witywide