ട്രംപിനെതിരായ വധശ്രമത്തില്‍ സുരക്ഷാ വീഴ്ച: ‘സീക്രട്ട് സര്‍വീസ്’ കുറ്റക്കാരാണെന്ന് പുതിയ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ജൂലൈ 13 ന് പെന്‍സില്‍വാനിയയില്‍ നടന്ന റാലിക്കിടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ വധശ്രമത്തില്‍ സുരക്ഷാ വീഴ്ചകള്‍ക്ക് ഉത്തരവാദി യുഎസ് രഹസ്യാന്വേഷണ വിഭാഗമാണെന്ന് പുതിയ റിപ്പോര്‍ട്ട്. സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വേദിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തിയപ്പോള്‍ ആക്രമണകാരിയെ തിരിച്ചറിയാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഏജന്‍സി കുറ്റക്കാരാണെന്ന റിപ്പോര്‍ട്ടാണ് പുറത്തെത്തിയത്.

സീക്രട്ട് സര്‍വീസിന്റെ അഡ്വാന്‍സ് ടീമിന്റെ പരാജയങ്ങളും വെടിവയ്പ്പിന് മുമ്പ് സംസ്ഥാന, പ്രാദേശിക നിയമപാലകരുമായുള്ള ഏകോപനത്തിലെ വീഴ്ചയും റിപ്പോര്‍ട്ട് എടുത്തുകാണിച്ചു. ട്രംപിന്റെ സുരക്ഷയുടെ മേല്‍നോട്ടം വഹിക്കാന്‍ ഉത്തരവാദിത്തമുള്ള സീക്രട്ട് സര്‍വീസ്, അടുത്തുള്ള മേല്‍ക്കൂര സുരക്ഷിതമാക്കാന്‍ ലോക്കല്‍ പൊലീസ് സ്നൈപ്പര്‍മാരെ ചുമതലപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.

ട്രംപിനെതിരായ വധശ്രമം തടയുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടതില്‍ വ്യാപകമായ രോഷത്തിനിടയില്‍ സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ കിംബര്‍ലി ചീറ്റില്‍ രാജിവച്ചിരുന്നു. ട്രംപിനെ വധിക്കാന്‍ ലക്ഷ്യമിട്ട് അക്രമിയായ 20 കാരന്‍ നിലയുറപ്പിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര സുരക്ഷിതമാക്കുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസിന്റെ ഹിയറിംഗില്‍ ഒന്നിലധികം നിയമനിര്‍മ്മാതാക്കള്‍ ചോദിച്ചിരുന്നു.

സീക്രട്ട് സര്‍വ്വീസ് ഏജന്റുമാരും പ്രാദേശിക നിയമപാലകരും വ്യത്യസ്ത റേഡിയോ ഫ്രീക്വന്‍സികളില്‍ പ്രവര്‍ത്തിക്കുകയും പ്രത്യേക സ്ഥലങ്ങളില്‍ നിലയുറപ്പിക്കുകയും ചെയ്തുവെന്നും ഇത് വിവരങ്ങള്‍ വേഗത്തില്‍ പങ്കിടുന്നതില്‍ നിന്നും അവരെ തടഞ്ഞെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.