മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മൂന്ന് മന്ത്രിമാർ നടത്തിയ വിവാദ പരാമർശങ്ങൾക്കു പിന്നാലെ ഇന്ത്യക്കാർ കൂട്ടത്തോടെ മാലിദ്വീപ് യാത്ര ബഹിഷ്കരണം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് അഭ്യർഥിച്ച് മാലിദ്വീപ്.
ചൈനയിൽ അഞ്ചു ദിവസത്തെ സന്ദർശനം നടത്തിവരുന്ന മുഹമ്മദ് മുയ്സു കൂടുതൽ സഞ്ചാരികളെ മാലിദ്വീപിലേക്ക് അയക്കാൻ അഭ്യർഥിച്ചു. ചൈനയെ ഏറ്റവുമടുത്ത സഖ്യകക്ഷിയും വികസന പങ്കാളിയുമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മാലിദ്വീപിന്‍റെ ചരിത്രത്തിലെതന്നെ സുപ്രധാനമായ അടിസ്ഥാന സൗകര്യ പദ്ധതികളാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ സഹകരണത്തോടെ മുന്നോട്ടു നീക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിക്കു മുമ്പ് ചൈനയായിരുന്നു മാലദ്വീപിന്‍റെ ഒന്നാം നമ്പർ വിപണി. ആ സ്ഥാനം തിരിച്ചു പിടിക്കാനുള്ള ശ്രമം ചൈന ഊർജിതപ്പെടുത്തണമെന്നാണ് തന്‍റെ അഭ്യർഥനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിന് അഞ്ചു കോടി ഡോളറിന്‍റെ പദ്ധതിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി മാലിദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽനിന്നാണ് മാലിദ്വീപിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. രണ്ടു ലക്ഷത്തിൽപരം ടൂറിസ്റ്റുകളാണ് കഴിഞ്ഞവർഷം എത്തിയത്. റഷ്യയാണ് രണ്ടാമത്. മൂന്നാം സ്ഥാനം ചൈനക്കാണ്.