‘ഓരോ രണ്ടു മണിക്കൂറിലും റിപ്പോർട്ട് അയയ്ക്കണം’; ഡോക്ടർമാരുടെ രാജ്യവ്യാപക പ്രതിഷേധത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം

ന്യൂഡൽഹി: ഡ്യൂട്ടി സമയത്ത് കൊൽക്കത്തയിലെ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനും രോഷത്തിനും ഇടയിൽ, ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന നില സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.

വിജ്ഞാപനമനുസരിച്ച്, രാജ്യത്തെ എല്ലാ സംസ്ഥാന പോലീസ് സേനകളോടും ഓരോ രണ്ട് മണിക്കൂറിലും മെയിൽ, ഫാക്സ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി റിപ്പോർട്ട് അയയ്ക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

കൊൽക്കത്തയിലെ ആർ.ജി കർ ഗവ. മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. കൊൽക്കത്തയിൽ പാതിരാത്രിയിലും നൂറുകണക്കിന് ആളുകൾ നഗരത്തിലിറങ്ങിയതിനെ തുടർന്ന് ഗതാഗതക്കുരുക്കിൽ നഗരം നിശ്ചലമായിരുന്നു.

ഡോക്ടർമാരുെട സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഞായറാഴ്ച രാവിലെ 6 വരെ തുടരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലെ ഡോക്ടർമാർ പണിമുടക്കിൽ പങ്കാളികളാകുന്നുണ്ട്. ഐഎംഎയുടെ നേതൃത്വത്തിൽ കൊച്ചിയിലും ദീപം കൊളുത്തി പ്രകടനം നടന്നു. സ്വകാര്യ മെഡിക്കൽ കോളജുകളും പണിമുടക്കിൽ പങ്കെടുത്തു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനിതകളുടെ സുരക്ഷയ്ക്കായി ജോലി സമയം പുനഃക്രമീകരിക്കുന്നതുൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ ബംഗാൾ സർക്കാർ പുറപ്പെടുവിച്ചു. ‍ഡോക്ടർമാരുൾപ്പെടെ വനിതകളുടെ ജോലി സമയം 12 മണിക്കൂറായി കുറയ്ക്കും, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ വനിതാ വൊളന്റിയർമാരെ നിയമിക്കും, സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, ഹോസ്റ്റലുകൾ തുടങ്ങി രാത്രി ഷിഫ്റ്റിൽ സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലായിടത്തും വനിതകൾക്കായി ശുചിമുറിയടക്കമുള്ള വിശ്രമമുറികൾ ഉറപ്പാക്കും, സിസിടിവി സൗകര്യമേർപ്പെടുത്തും, പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തി സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ കൊണ്ടുവരും തുടങ്ങിയ നടപടികളാണ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. അടിയന്തര ഘട്ടങ്ങളിൽ സ്ത്രീകൾക്ക് സഹായത്തിനായി 100, 112 എന്നീ ഹെൽപ്‌ലൈൻ നമ്പറുകളും സർക്കാർ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികളിൽ സുരക്ഷാപരിശോധനയും ബ്രത്ത് അനലൈസറും ഉറപ്പാക്കുമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

രാജ്യതലസ്ഥാനമായ ഡൽഹിയിലും പ്രതിഷേധം നടന്നു. മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡ​ൽ​ഹി​യി​ൽ മെഴുകുതിരി തെളിച്ച് പ്ര​തി​ഷേ​ധം. പൊ​ലീ​സ് വി​ല​ക്ക് ലം​ഘി​ച്ച് ഡ​ൽ​ഹി ലേ​ഡി ഹാ​ർ​ഡി​ങ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ജ​ന്ത​ർ​മ​ന്ത​റി​ൽ പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി. മ​റ്റു ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ​​ങ്കെ​ടു​ത്തു.

More Stories from this section

family-dental
witywide