തെലങ്കാന ഫോണ്‍ ചോര്‍ത്തല്‍; ‘പണം കടത്തിയത് ഔദ്യോഗിക വാഹനങ്ങളിൽ’, അറസ്റ്റിലായ പൊലീസുകാരന്റെ മൊഴി

ഹൈദരാബാദ്: തെലങ്കാന ഫോൺ ചോർത്തൽ കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ രാധാകൃഷ്ണ റാവു. 2018 ലും 2023 ലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഔദ്യോഗിക വാഹനങ്ങളിൽ പണം കടത്തിയതായി അദ്ദേഹം മൊഴി നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ബിആർഎസ് അധികാരത്തിൽ തുടരുന്നത് ഉറപ്പാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ സംസാരിച്ചതായും രാധാകൃഷ്ണ റാവു മൊഴി നൽകി.

തെലങ്കാനയിൽ ബിആർഎസ് അധികാരത്തിൽ തുടരാൻ അന്നത്തെ സംസ്ഥാന ഇൻ്റലിജൻസ് ബ്യൂറോ മേധാവി ടി പ്രഭാകർ റാവുവിൻ്റെ നേതൃത്വത്തിൽ പ്രണീത് റാവു, ഭുജംഗ റാവു, തിരുപട്ടന്ന, വേണുഗോപാൽ റാവു എന്നിവർ ഗൂഢാലോചന നടത്തിയതായി പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രാധാകൃഷ്ണ റാവു ദുബ്ബാക്ക്, മുനുഗോഡ് ഉപതെരഞ്ഞെടുപ്പുകൾ ഉദാഹരണമായി പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കോമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡിയുമായി ബന്ധമുള്ളവരിൽ നിന്ന് 3.5 കോടി രൂപ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെഡ്ഡി 2022-ലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചു. ബിആർഎസിൻ്റെ കുസുകുന്ത്ല പ്രഭാകർ റെഡ്ഡിയോട് പരാജയപ്പെട്ടെങ്കിലും 2023ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് ചാടി സീറ്റ് നേടി.

2020ലെ ദുബ്ബാക്ക് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ രഘുനന്ദൻ റാവു ബിആർഎസിൻ്റെ സോളിപേട്ട റെഡ്ഡിയെ പരാജയപ്പെടുത്തി. ബിജെപി നേതാവുമായി ബന്ധമുള്ള ചിട്ടി ഫണ്ട് കമ്പനി നടത്തുന്ന വ്യക്തിയിൽ നിന്ന് ഒരു കോടി രൂപ പിടിച്ചെടുത്തതായി രാധാകൃഷ്ണ റാവു പറഞ്ഞു. 2023ൽ ബിആർഎസിൻ്റെ കോത പ്രഭാകർ റെഡ്ഡിയോട് പരാജയപ്പെട്ടു.

2014-ൽ സംസ്ഥാനം രൂപീകൃതമായതു മുതൽ തെലങ്കാന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന കെ.സി.ആറിൻ്റെ ബി.ആർ.എസിലെ ഒരു അംഗത്തിൻ്റെ ഉത്തരവനുസരിച്ചാണ് താൻ പ്രതിപക്ഷ നേതാക്കൾക്കെതിരെ ചാരപ്പണി ചെയ്തതെന്ന് രാധാകൃഷ്ണ റാവു വെളിപ്പെടുത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റ് നിരവധി തെലങ്കാന പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.

More Stories from this section

family-dental
witywide