വിമാനത്തില്‍വെച്ച് ജിന്‍ഡാല്‍ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറി; അശ്ലീല വീഡിയോ കാണിച്ചു, ദുരനുഭവം പങ്കുവെച്ച് യുവതി

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ജിന്‍ഡാല്‍ ഗ്രൂപ്പ് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായതായി യുവതിയുടെ പരാതി. അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചെന്നും ശാരീരികമായി ശല്യപ്പെടുത്തിയെന്നും താന്‍ ഞെട്ടിപ്പോയെന്നും കൊല്‍ക്കത്ത സ്വദേശിനിയായ 28-കാരി പരാതിപ്പെട്ടു. എക്‌സിലൂടെയായിരുന്നു യുവതി തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പങ്കുവെച്ചത്.

അതേസമയം, വിഷയം എത്രയും വേഗം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ജിന്‍ഡാല്‍ സ്റ്റീല്‍ ചെയര്‍പേഴ്സണ്‍ നവീന്‍ ജിന്‍ഡാല്‍ യുവതിക്ക് ഉറപ്പ് നല്‍കി.

ഇത്തിഹാദ് എയര്‍വേസില്‍ അബുദാബിയിലേക്ക് പോകുമ്പോള്‍ തന്റെ അടുത്തിരുന്ന ഒരാള്‍ സൗഹൃദം സ്ഥാപിച്ചെന്നും ജിന്‍ഡാല്‍ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദിനേശ് കെആര്‍ സരോഗിയാണെന്ന് താനെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ഒമാനിലാണ് താമസിക്കുന്നതെന്നും എന്നാല്‍ പതിവായി യാത്ര ചെയ്യാറുണ്ടെന്നും പറഞ്ഞതായി യുവതി പറഞ്ഞു. താന്‍ രാജസ്ഥാനിലെ ചുരു സ്വദേശിയാണെന്നും വിവാഹിതരായി യുഎസില്‍ താമസിക്കുന്ന രണ്ട് ആണ്‍മക്കളുണ്ടെന്നും അടക്കം സംസാരിച്ചാണ് ഇയാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. യുവതിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ആര്‍ത്തവ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ സ്ഥാപകയാണെന്നും താന്‍ ബോസ്റ്റണിലേക്ക് പോകുകയാണെന്നും യുവതി അയാളോട് പറഞ്ഞു. സംസാരത്തിനിടെ സിനിമ കാണുന്നത് ഹോബിയാണെന്ന് പറഞ്ഞ യുവതിക്ക് ചില ക്ലിപ്പുകള്‍ കാണിച്ചു തരാമെന്ന് പറഞ്ഞ് ഇയാള്‍ ഫോണിലെ അശ്ലീല വീഡിയോ കാണിക്കുകയും ശരീരത്തില്‍ കയറി പിടിക്കുകയുമായിരുന്നു. ഭയന്നുപോയ യുവതി ശുചിമുറിയിലേക്ക് ഓടിപ്പോകുകയും ക്യാബിന്‍ ക്രൂവിനോട് കാര്യം പറയുകയും ചെയ്തു. തുടര്‍ന്ന് അവരുടെ സീറ്റിലാണ് യുവതി യാത്ര ചെയ്തത്. ക്യാബിന്‍ ക്രൂ അറിയിച്ചതു പ്രകാരം വിമാനമിറങ്ങിയപ്പോള്‍ അബുദാബി പൊലീസ് കാത്തുനിന്നു. എന്നാല്‍ ബോസ്റ്റണിലേക്കുള്ള കണക്ഷന്‍ വിമാനം നഷ്ടപ്പെടുമെന്നതിനാല്‍ അബുദാബി പൊലീസിന് രേഖാമൂലം പരാതി നല്‍കാന്‍ തനിക്കായില്ലെന്നും യുവതി പറയുന്നു.

അബുദാബിയില്‍ തന്നെ പരാതി നല്‍കാനാകാത്തത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ യുവതി ഇപ്പോള്‍ കൊല്‍ക്കത്ത പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.