ന്യൂഡല്‍ഹി: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ വൈസ് പ്രസിഡന്റ് ശ്രീല വെങ്കിട്ടരത്നം രാജിവച്ചു. ടെസ്ലയുടെ ഫിനാന്‍സ് ആന്‍ഡ് ബിസിനസ് ഓപ്പറേഷന്‍സിന്റെ വൈസ് പ്രസിഡന്റായിരുന്നു. 2013 മുതല്‍ ടെസ്ലയില്‍ ജോലി ചെയിതുന്നു ശ്രീല. ഈ ആഴ്ച ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചുകൊണ്ട്, 11 വര്‍ഷത്തിനുശേഷം താന്‍ കമ്പനി വിടുകയാണെന്ന് ശ്രീല വെങ്കിട്ടരത്‌നം വ്യക്തമാക്കി.
ഇനി കുടുംബത്തോടൊപ്പവും പഴയ സുഹൃത്തുക്കളുമായും സമയം ചിലവഴിക്കണമെന്നും വ്യക്തിപരമായ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല, കമ്പനിയെ പ്രശംസിക്കുകയും സ്ഥാപനത്തിലെ തന്റെ യാത്ര മികച്ചതായിരുന്നുവെന്നും കുറിച്ചു.
2013ന്റെ തുടക്കം മുതല്‍ ശ്രീല ടെസ്ലയില്‍ ജോലി ചെയ്തു. രണ്ടു വര്‍ഷത്തിനു ശേഷം ഫിനാന്‍സ് സീനിയര്‍ ഡയറക്ടറായി മാറി. തുടര്‍ന്ന് 2019 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെ അവര്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു.
‘അവിശ്വസനീയമായ 11 വര്‍ഷങ്ങള്‍ക്ക് ശേഷം, ഞാന്‍ ടെസ്ലയോട് വിടപറയുന്നു. ഈ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഇത് അസാധാരണമായ ഒന്നായിരുന്നു’വെന്നും അവര്‍ കുറിച്ചു. അക്കാലത്ത് കമ്പനിയുടെ 700 ബില്യണ്‍ ഡോളറിന്റെ ഭീമാകാരമായ വളര്‍ച്ചയില്‍ അവര്‍ അഭിമാനം പ്രകടിപ്പിച്ചു.
അതേസമയം അത്ര സുഗമമല്ലാതിരുന്ന സാഹചര്യത്തിലും ഇത്രയും വര്‍ഷം കമ്പനിയില്‍ ജോലി ചെയ്തതില്‍ ശ്രീലയെ അഭിനന്ദിച്ച് ടെസ്ലയുടെ മുന്‍ സിഎഫ്ഒ ജേസണ്‍ വീലര്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന് നല്‍കിയ മറുപടിയിലാണ് ടെസ്ലയിലെ ജോലി ദുര്‍ബലഹൃദയര്‍ക്കുള്ളതല്ലെന്ന് ശ്രീല പറഞ്ഞത്.