
വ്യാപാരത്തിനിടെ കനത്ത തിരിച്ചടി നേരിട്ട് ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ ഇടിവു നേരിട്ടു. അതായത് സെന്‍സെക്‌സിലുണ്ടായ നഷ്ടം 1,147 പോയന്റ്. നിഫ്റ്റിയാകട്ടെ 337 പോയന്റും താഴ്ന്നു. ഡോളര്‍ കരുത്താര്‍ജിച്ചതും ചൈനയിലെ ഉത്തേജക നടപടികളില്‍ വ്യക്തതയില്ലാത്തതുമാണ് വിപണിയെ ബാധിച്ചത്. അതിനിടെ സ്വർണം പവന് വില 440 രൂപ കുറഞ്ഞ് 57,840 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 55 രൂപ കുറഞ്ഞ് 7,230 രൂപയുമായി. വന്‍തോതില്‍ ലാഭമെടുപ്പ് ഉണ്ടായതിനെ തുടര്‍ന്നുള്ള വില്പന സമ്മര്‍ദമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇടിയാനിടയാക്കിയത്.
ഓഹരി വിപണിയിൽ കനത്ത ഇടിവ് നേരിട്ടതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 6.5 ലക്ഷം കോടി താഴ്ന്ന് 451.65 ലക്ഷം കോടിയായി. ചൈനയുടെ ഉത്തേജക നടപടിയിലെ അവ്യക്തത മെറ്റല്‍ ഓഹരികളെയാണ് ബാധിച്ചത്. ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ മുന്നേറ്റമാണ് ആഗോള ലോഹ ഡിമാന്റ് നിര്‍ണയിക്കുന്ന പ്രധാനഘടകം.
സെന്‍സെക്‌സ് ഓഹരികളില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ് എന്നിവ 2.5 ശതമാനം വരെ താഴ്ന്നപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ്‌ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
Sensex crashes 1100 points, gold falls by Rs 440 per ounce