ധനമന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്ര ബജറ്റിൽ മൂലധനനേട്ട നികുതി വർദ്ധന പ്രഖ്യാപിച്ചതിന് പിന്നാലെ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി.
ബിഎസ്ഇ സെൻെസക്സിൽ 1.2 %, നിഫ്റ്റി 1.3 % എന്നിങ്ങനെയാണ് ഇടിഞ്ഞത്. പോയിന്റ് ഇടിഞ്ഞു. മൂലധനനേട്ട നികുതി 10 ശതമാനത്തിൽനിന്ന് 12.5 % ആയി വർധിപ്പിച്ചതാണു വിപണിയെ കാര്യമായി സ്വാധീനിച്ചത്. ഹ്രസ്വകാല മൂലധനനേട്ട നികുതി 15ൽനിന്ന് 20% ആയും വർധിപ്പിച്ചിട്ടുണ്ട്.
പ്രഖ്യാപനത്തിനുശേഷം ഓഹരിവിപണി 400 പോയിന്റ് ഇടിഞ്ഞ് 80,000ത്തിൽ താഴെയെത്തി. നിഫ്റ്റി 24,000ത്തിലേക്കും ഇടിഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞു ഡോളറിനെതിരെ 83.69 രൂപയായി കൂപ്പുകുത്തി. ബജറ്റിനു മുമ്പ് 83.62 രൂപയായിരുന്നു രൂപയുടെ മൂല്യം.
ഇടത്തരക്കാർക്കും ഉയർന്ന ഇടത്തരക്കാർക്കും ചില സാമ്പത്തിക ആസ്തികളുടെ മൂലധന നേട്ട പരിധി പ്രതിവർഷം 1.25 ലക്ഷം രൂപയായി ഉയർത്താൻ സർക്കാർ പദ്ധതിയിടുന്നതായി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ ബജറ്റാണിത്. ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോഴും നയപരമായ അനിശ്ചിതത്വത്തിൻ്റെ പിടിയിൽ ഞെരുങ്ങുമ്പോഴും, ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുന്നോട്ടാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തിൻ്റെ പണപ്പെരുപ്പം സ്ഥിരതയോടെ തുടരുകയും 4 ശതമാനത്തിലേക്ക് നീങ്ങുകയും ചെയ്തെന്നും പ്രധാന പണപ്പെരുപ്പം 3.1 ശതമാനത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.