ന്യൂഡൽഹി: ഈ ആഴ്‌ചയിലെ അസ്ഥിരമായ തുടക്കത്തിന് ശേഷം വിപണിയിൽ തിരിച്ചുവരവ് നടത്തി ഇന്ത്യൻ സൂചികകൾ. സെൻസെക്‌സ് 1,046.13 പോയിൻ്റ് ഉയർന്ന് 79,639.20ലും നിഫ്റ്റി 313.9 പോയിൻ്റ് ഉയർന്ന് 24,306.4ലുമെത്തി.
നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഐടി എന്നിവയുൾപ്പെടെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മിക്കവാറും എല്ലാ സൂചികകളും ഏകദേശം 1% ഉയർച്ച നേടി.
ഇന്ത്യൻ വിപണികളിൽ തിങ്കളാഴ്ച ഏറ്റവും മോശം തകർച്ചയാണ് സംഭവിച്ചത്. ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യവും അമേരിക്കയുടെ മാന്ദ്യഭീതിയും മൂലം നിഫ്റ്റിയും സെൻസെക്സും ഉയർന്ന നഷ്ടം രേഖപ്പെടുത്തി.
കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുഎസിലെ തൊഴിലവസരങ്ങളുടെ വളർച്ച ജൂലൈയിൽ പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണെന്നതും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു.
അതേസമയം, റിസര്‍വ് ബാങ്ക് നാളെ പണനയ അവലോകന തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. പലിശനിരക്കില്‍ മാറ്റം പ്രഖ്യാപിക്കില്ല എന്നാണു പൊതു നിഗമനം. വിലക്കയറ്റം, പ്രത്യേകിച്ചും ഭക്ഷ്യവിലക്കയറ്റം, വരുതിയിലായിട്ടില്ല എന്നതു കൊണ്ടാണ് പലിശ ഇപ്പോള്‍ കുറയ്ക്കാന്‍ സാധ്യത ഇല്ലാത്തത്.