ന്യൂഡെൽഹി: ആഗോള രക്തച്ചൊരിച്ചിലിനെത്തുടർന്ന് ഇന്ത്യൻ വിപണികൾ കൂപ്പുകുത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ നിഫ്റ്റിയും സെൻസെക്സും കനത്ത നഷ്ടം രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ സംഘർഷവും യുഎസിലെ മാന്ദ്യഭീതിയും വിപണിയെ പ്രതികൂലമായി ബാധിച്ചു.
സെൻസെക്‌സ് 1,533.11 പോയിൻ്റ് താഴ്ന്ന് 79,448.84ലും നിഫ്റ്റി 463.50 പോയിൻ്റ് താഴ്ന്ന് 24,254.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസിലെ തൊഴിലില്ലായ്മ നിരക്ക് മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 4.3 ശതമാനത്തിലെത്തിയിരിക്കുന്നു. കഴിഞ്ഞ മാസം 4.1 ശതമാനമായിരുന്നു നിരക്ക്. ഇതോടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി ആഗോളതലത്തില്‍ വ്യാപിച്ചു. തുടര്‍ച്ചയായി നാലാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നത്. 12 മാസത്തിനുള്ളിലെ മാന്ദ്യ സാധ്യത 15 ശതമാനത്തില്‍നിന്ന് 25 ശതമാനമായതായി ഗോള്‍ഡ്മാന്‍ സാച്‌സിലെ സമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തുകയും ചെയ്തു.
ഹമാസ് തലവൻ ഇസ്മയില്‍ ഹനിയയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ വെല്ലുവിളി സംബന്ധിച്ച റിപ്പോര്‍ട്ടുകളും ആഗോളതലത്തില്‍ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്.