മുംബൈ: തിങ്കളാഴ്ച സെന്‍സെക്‌സ് 2000-ത്തിലധികം പോയിന്‍റ ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്‍റാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.സെൻസെക്‌സ് 921 പോയിന്‍റ് ഉയർന്ന് 79,680 ലും നിഫ്റ്റി 262 പോയിന്‍റ് ഉയർന്ന് 24,318 ലും എത്തി.നിലവില്‍ 79,888 പോയന്‍റിലാണ് വ്യാപാരം തുടരുന്നത്. ഓട്ടോ, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.
ഓട്ടോ ഓഹരികള്‍ 3 ശതമാനത്തോളമാണ് മുന്നേറിയത്. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍റ മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടം ഉണ്ടാക്കി. അതേസമയം എസ്ബിഐ, അപ്പോളോ ആശുപത്രി, സിപ്ല ഓഹരികള്‍ നഷ്ടം നേരിട്ടു.
എന്നാൽ ആശങ്കയായി രൂപയുടെ മൂല്യമിടിവ് തുടരുകയാണ്. ഡോളറിനെതിരെ മൂല്യം റെക്കോഡ് താഴ്ചയായ 83.8575 നിലവാരത്തിലെത്തി. 83.8450 ആയിരുന്നു തിങ്കളാഴ്ചയിലെ ക്ലോസിങ്. ഡോളർ സൂചിക 102.9 ലേക്ക് ഉയർന്നതോടെ ഏഷ്യൻ കറൻസികളിലെല്ലാം മൂല്യമിടിവ് പ്രകടമായി.