ശനിയാഴ്ച പുലർച്ചെ മിസിസിപ്പിയിലുണ്ടായ ബസ് അപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. 37 പേർ പരുക്കുകളോടെ ആശുപത്രിയിലാണ്. മെക്‌സിക്കോയിലേക്ക് പോവുകയായിരുന്ന യാത്രാബസിൻ്റെ ടയർ തകരാറിലായതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് ഒരു കുഴിയിലേക്ക് മറിയുകയായിരുന്നു.
മിസിസിപ്പിയിലെ ബോവിനയ്ക്കും വിക്‌സ്‌ബർഗിനും ഇടയിൽ അന്തർസംസ്ഥാന പാത 20 ലാണ് അപകടം ഉണ്ടായത്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ ബോർഡ് സംഘം അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. ആറുപേർ അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഓരാൾ ആശുപത്രിയിലും . കൊല്ലപ്പെട്ടവരിൽ 6 ഉം 16 ഉം വയസ്സുള്ള സഹോദരങ്ങളും ഉൾപ്പെടുന്നു. 37 യാത്രക്കാരെ പരരക്കുകളോടെ വിക്സ്ബർഗിലെയും ജാക്സണിലെയും ആശുപത്രികളിലേക്ക് മാറ്റിയതായി മിസിസിപ്പി ഹൈവേ പട്രോൾ അറിയിച്ചു.
മെക്‌സിക്കോയ്ക്കും യുഎസിനുമിടയിൽ യാത്രക്കാരെ എത്തിക്കുന്ന ഓട്ടോബസ് റീജിയോമോണ്ടാനോസിൻ്റെതാണ് ബസ് എന്ന് കമ്പനി വക്താവ് മിറാൻഡ ഫെർണാണ്ടസ് പറഞ്ഞു. കമ്പനി മെക്‌സിക്കോയിലെ മോണ്ടെറിയിൽ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഏതു നഗരത്തിൽ നിന്നാണ് ബസ് പുറപ്പെട്ടതെന്നു വ്യക്തമല്ല, പക്ഷേ അത് മെക്സിക്കോയിലേക്കുള്ള യാത്രയിലായിരുന്നു.
മിസിസിപ്പി ഹൈവേ പട്രോൾ വക്താവ് കെർവിൻ സ്റ്റുവർട്ട് പറയുന്നതനുസരിച്ച് ബസിൽ നിന്ന് “നിരവധി മെക്സിക്കൻ തിരിച്ചറിയൽ രേഖകൾ” കണ്ടെത്തിയിട്ടുണ്ട്.
Seven Died in Mississippi bus Accident