ഫ്ലോറിഡയില്‍ മോശം കാലാവസ്ഥ: ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്


ഫ്ലോറിഡ: ഫ്‌ലോറിഡയില്‍ ഒരാഴ്ചയായി തുടരുന്ന മോശംകാലാവസ്ഥയെ തുടര്‍ന്ന് മാരകമായ ഇടിമിന്നലും ശക്തമായ കാറ്റും നാശം വിതയ്ക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ ജാക്സണ്‍വില്ലെ, ടല്ലാഹസ്സി തുടങ്ങിയ നഗരങ്ങളില്‍ ഒന്നിലധികം ഇടിമിന്നലുകള്‍ ഉണ്ടായി. കൂടാതെ മരങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ക്കും കാറുകള്‍ക്കും കേടുപാടുകള്‍ വരുകയും ചെയ്തിട്ടുണ്ട്.

ശക്തമായ ഇടിമിന്നലും ചുഴലിക്കാറ്റും ഈ ആഴ്ച തെക്കുകിഴക്കന്‍ മേഖലയില്‍ നാശം വിതയ്ക്കുകയും അതിന്റെ ഫലമായി കുറഞ്ഞത് നാല മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്‌ലോറിഡയില്‍, ലിയോണ്‍ കൗണ്ടിയിലെ വീടിന് മുകളില്‍ മരം വീണ് ഒരു സ്ത്രീ മരിച്ചതായി ലിയോണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. വാള്‍ട്ടണ്‍, ഗാഡ്സ്ഡെന്‍, ലിയോണ്‍ എന്നീ മൂന്ന് ഫ്‌ലോറിഡ കൗണ്ടികളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചതെന്നാണ് വിവരം. തലഹാസിയിലെ നാഷണല്‍ വെതര്‍ സര്‍വീസ് ഫീല്‍ഡ് ഓഫീസ് ശനിയാഴ്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ജീവനക്കാരെ അയച്ചു.

ജാക്സണ്‍വില്ലില്‍ 73 മൈല്‍ വേഗതയിലും ലേക്ക് സിറ്റിയില്‍ 71 മൈല്‍ വേഗതയിലും വീശിയടിച്ച ശക്തമായി കാറ്റ് സംസ്ഥാനത്തുടനീളം നാശം വിതച്ചു. 97,500 ലധികം യൂട്ടിലിറ്റി ഉപഭോക്താക്കള്‍ക്ക് സംസ്ഥാനത്ത് ശനിയാഴ്ച രാവിലെ 11 മണി വരെ വൈദ്യുതി നിലച്ചു. അതേസമയം, തെക്ക്, തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.