ലൈംഗികാതിക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല, പ്രജ്വലിനെതിരെ പുതിയ കുറ്റം ചുമത്തും; ‘തെളിവ് നശിപ്പിച്ചു’

ബെംഗളുരു: ഇന്ത്യ കണ്ട ഏറ്റവും വലിയ ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണക്കെതിരെ പുതിയ കുറ്റം ചുമത്തും. തെളിവ് നശിപ്പിച്ചതിലാണ് അന്വേഷണ സംഘം പ്രജ്വലിനെതിരെ പുതിയ കുറ്റം ചുമത്തുക. ഇന്നലെ രാത്രി അറസ്റ്റിലായ പ്രജ്വൽ രേവണ്ണയുടെ ഫോണുകളിൽ നടത്തിയ പരിശോധനയിൽ ലൈംഗികാതിക്രമ ദൃശ്യങ്ങൾ കണ്ടെത്താനായിരുന്നില്ല. പ്രജ്വലിന്റെ പക്കൽ നിന്ന് ഇന്നലെ പിടിച്ചെടുത്തത് രണ്ട് ഫോണുകളാണ്. ഈ രണ്ട് ഫോണുകളിൽ നിന്നുമല്ല ദൃശ്യങ്ങൾ പകർത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ലൈംഗികാതിക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോൺ പ്രജ്വൽ നശിപ്പിച്ചിട്ടുണ്ടാകും എന്നാണ് വ്യക്തമാകുന്നത്.

പ്രജ്വലിൽ നിന്ന് പാസ്പോർട്ടുകളും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ടിക്കറ്റ് അടക്കമുള്ള മറ്റ് യാത്രാ രേഖകളും എസ് ഐ ടി പിടിച്ചെടുത്തിട്ടുണ്ട്. പ്രജ്വലിന്‍റെ ഇ മെയിൽ, ക്ലൗഡ് അക്കൗണ്ടുകൾ തുടങ്ങിയവ പരിശോധിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് എന്തെങ്കിലും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. ഇതിനൊപ്പം തന്നെ പ്രജ്വലിനെ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കങ്ങളും അന്വേഷണ സംഘം വേഗത്തിലാക്കിയിട്ടുണ്ട്.

രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി ജർമനിയിൽ നിന്നും വിമാനമാർഗം ബെംഗളുരുവിലിറങ്ങിയ പ്രജ്വലിനെ ഇന്നലെ രാത്രിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിനും വിവാദത്തിനും പിന്നാലെ രാജ്യം വിട്ട പ്രജ്വൽ, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായാണ് ജർമനിയിൽ നിന്ന് മടങ്ങിയെത്തിയത്. പ്രജ്വൽ വിമാനമിറങ്ങുന്നത് കാത്തുന്നിന്ന എസ് ഐ ടി സംഘമടക്കമുള്ള വൻ പൊലീസ് സംഘമാണ് ബെംഗളുരു വിമാനത്താവളത്തിൽ വച്ചുതന്നെ പ്രതിയെ പിടികൂടിയത്.

More Stories from this section

family-dental
witywide