കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് കെട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവതിയെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. ഹ്രസ്വചിത്ര സംവിധായകന്‍ വിനീത്, ‘ആറാട്ടണ്ണന്‍’ എന്ന സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
ഇക്കഴിഞ്ഞ ഏപ്രിൽ 12നാണു സംഭവം. ഓഗസ്റ്റ് 13നാണു യുവതി പരാതിയുമായി ചേരാനെല്ലൂർ പൊലീസിനെ സമീപിക്കുന്നത്. എന്നാൽ തുടക്കത്തിൽ കേസെടുക്കാൻ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് കേസെടുക്കുകയും മജിസ്ട്രേറ്റിനു മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു.
സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന യുവതിയെ ചിറ്റൂർ ഫെറിക്കടുത്തുള്ള ഫ്ളാറ്റിൽ വച്ച് ബലാത്സംഗം ചെയ്തു എന്നാണ് കേസ്. സിനിമയിലെ രംഗങ്ങൾ വിശദീകരിക്കാനെന്ന പേരിൽ വിനീത് കെട്ടിയിടുകയും തുടർന്ന് ഉപദ്രവിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സുഹൃത്തുക്കളായ അലിൻ ജോസ് പെരേര, ആറാട്ടണ്ണൻ, ബ്രൈറ്റ്, അഭിലാഷ് എന്നിവർക്കും വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
യുവതിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയശേഷമാണ് പോലീസ് കേസെടുത്തത്. അതേസമയം, കേസെടുക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്.