
കൊച്ചി: കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണക്കേസിൽ നൃത്തപരിശീലകരായ ജോമെറ്റ് മൈക്കിളിനും സൂരജിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന വിധികർത്താവ് പി.എൻ.ഷാജിയെ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുന്നതിനും അപമാനിക്കുന്നതിനും തങ്ങൾ ദൃക്സാക്ഷികളാണെന്ന് മുൻകൂർജാമ്യം ലഭിച്ചശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടർന്ന് ഷാജി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ‘തെറ്റൊന്നും ചെയ്തിട്ടില്ല, നിരപരാധിയാണ്’ എന്നെഴുതിവെച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്.
എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിൽ പ്രവർത്തകരായ വിമൽ വിജയ്, അക്ഷയ്, നന്ദൻ എന്നിവർ ചേർന്നാണ് മർദിച്ചതെന്ന് അവർ വെളിപ്പെടുത്തി. കണ്ടാലറിയാവുന്ന 70ഓളം പേരും ഒപ്പമുണ്ടായിരുന്നു.
മാർഗംകളിയുടെ വിധി വന്ന ശേഷം തങ്ങളെ ഒരു മുറിയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി. ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് പലതവണ ഷാജിയെ മർദിച്ചു. തങ്ങൾക്കും എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റു.
ഇവർക്കെതിരെ കോടതിയെ സമീപിക്കും. മർദനം തുടർന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ഷാജി പറഞ്ഞു. എന്നാൽ, നീ എന്തെങ്കിലും ചെയ്യെന്നായിരുന്നു മർദിച്ചവരുടെ മറുപടിയെന്നും അവർ പറഞ്ഞു.