ഡൽഹി: നാളെ രാജ്യത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐയടക്കുള്ള ഇടത് വിദ്യാർഥി സംഘടനകൾ. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നീറ്റ് പരീക്ഷ ക്രമേക്കേടുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റില്‍ പ്രതിപക്ഷം വിഷയം ശക്തമായി ഉന്നയിക്കുകയും കുറ്റക്കാർക്കെതിരെ കർശനമായ നടപടികള്‍ ഉണ്ടാവുമെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് വിദ്യാർത്ഥി സംഘടനകള്‍ പഠിപ്പ് മുടക്ക് സമരവും പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്നാണ് എസ് എഫ് ഐ, എ ഐ എസ് എഫ്, ഐസ തുടങ്ങിയ ഇടത് വിദ്യാർത്ഥി സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണാണ് വിദ്യാർഥി സംഘടനകളുടെ ആവശ്യം.