മട്ടന്നൂരിൽ കരിങ്കൊടിയുമായി എസ്എഫ്ഐ; റോഡിലിറങ്ങി വെല്ലുവിളിച്ച് ഗവർണർ

കണ്ണൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്ഐ പ്രവർത്തകർ. ക്ഷുഭിതനായ ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി എസ്എഫ്ഐ പ്രവർത്തകരെ ഗുണ്ടളെന്ന് വിളിച്ചു. വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ നീങ്ങുകയും വെല്ലുവിളിക്കുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത്‌ മട്ടന്നൂർ നഗരത്തിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.

ജനാധിപത്യപരമായ ശക്തമായ പ്രതിഷേധമെന്ന് എസ്എഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർ എത്തും മുൻപേ പ്രതിഷേധം തുടങ്ങുകയും കരിങ്കൊടിയുമായി റോഡിന്റെ വശത്ത് പ്രവർത്തകർ തടിച്ചുകൂടുകയും ചെയ്തിരുന്നു. ​​ഗോ ബാക്ക് മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രവർത്തകർ ​ഗവർണർക്കെതിരെ പ്രതിഷേധിച്ചത്. ഇതോടെ തന്റെയടുത്തേക്ക് വരാന്‍ ഗവര്‍ണര്‍ ഇവരെ വെല്ലുവിളിച്ചു.

ഗവര്‍ണറോട് വാഹനത്തില്‍ കയറാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. തന്റെ വാഹനത്തിന് നേരെ ആരെങ്കിലുമെത്തിയാൽ താൻ റോഡിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയായതോടെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം.

More Stories from this section

family-dental
witywide