കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ രേഖകൾ എറണാകുളം സെഷൻസ് കോടതിയിൽനിന്നു കാണാതായി. കേസിലെ ഏറ്റവും പ്രധാന രേഖകളായ കുറ്റപത്രം, പോസ്റ്റുമോർട്ടം അടക്കമുള്ളവയാണ് കാണാതായത്. ഇതുസംബന്ധിച്ച വിവരം സെഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദേശം നൽകി. കേസിൽ ആകെ 26 പ്രതികളും 125 സാക്ഷികളുമാണുള്ളത്.
ചാർജ് ഷീറ്റ്, പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് അടക്കമുള്ള 11 രേഖകളാണ് നഷ്ടമായത്. രേഖകൾ കണ്ടെത്താൻ കഴിയാത്ത വിധം നഷ്ടമായതായെന്ന് മനസ്സിലായതോടെയാണ് ഹൈക്കോടതിയെ അറിയിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഇവ പുനഃസൃഷ്ടിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. ഇക്കാര്യത്തിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ബന്ധപ്പെട്ട കക്ഷികൾക്ക് സെഷൻസ് കോടതി നോട്ടീസ് നൽകി. മാർച്ച് 17-നു മുൻപ് എതിർപ്പുണ്ടെങ്കിൽ അറിയിക്കാനാണ് നിർദേശം.
നെട്ടൂർ മേക്കാട്ട് സഹൽ ഹംസ(25)യാണ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് 2018 ജൂലൈ 2ന് പുലർച്ചെ അഭിമന്യു കൊല്ലപ്പെട്ടത്. മഹാരാജാസിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. കോളജിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിനു തലേന്നായിരുന്നു സംഭവം.