ഗവര്‍ണറുടെ പ്രകോപനത്തില്‍ വീഴില്ല; സമരം ചെയ്യാന്‍ ആരുടെയും ഒത്താശയുടെ ആവശ്യമില്ലെന്നും എസ്എഫ്ഐ

കൊച്ചി: എസ്എഫ്ഐക്ക് സമരം ചെയ്യാന്‍ ആരുടെയും ഒത്താശയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. പോലീസിന്റെ ഒത്താശയോടെയാണ് കരിങ്കൊടി പ്രതിഷേധമെന്ന ഗവര്‍ണറുടെ ആരോപണം തള്ളി സംസാരിക്കുകയായിരുന്നു ആര്‍ഷോ. പൊലീസ് യാതൊരു ഒത്താശയും ചെയ്യുന്നില്ല. ഒരു ഘട്ടത്തിലും ആരുടേയും സഹായം പ്രതീക്ഷിച്ചിട്ടുമില്ല, ആവശ്യപ്പെട്ടിട്ടുമില്ല.

സംസ്ഥാന വ്യാപകമായി ചാന്‍സലര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കേരളത്തിനകത്തുള്ള സര്‍വ്വകലാശകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ തിരുകികയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അത് അനുവദിക്കില്ലെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു. സമരം തുടരുമ്പോള്‍ പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്.

ജനാധിപത്യത്തില്‍ സമരം ചെയ്യാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. എല്ലാതരത്തിലുള്ള പ്രോട്ടോകോളുകളും ലംഘിച്ച് റോഡിലേക്കിറങ്ങി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രോശിക്കുകയാണ് ഗവര്‍ണര്‍. പ്രകോപനത്തില്‍ എസ്എഫ്ഐ വീഴില്ല. സമരവുമായി മുന്നോട്ട് പോകും. എത്രയാളുകളെ അറസ്റ്റ് ചെയ്ത് നീക്കിയാലും കൂടുതല്‍ പ്രവര്‍ത്തകരെ അണിനിരത്തുമെന്നും ആര്‍ഷോ പറഞ്ഞു.

കൊല്ലം നിലമേലിലാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിന് പിന്നാലെ കാറില്‍ നിന്നും പുറത്തിറങ്ങിയ ഗവര്‍ണര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ മാത്രമെ തിരിച്ച് കയറൂവെന്ന നിലപാടിലാണ്. പ്രവര്‍ത്തകരെഎന്തുകൊണ്ട് നേരത്തെ അറസ്റ്റ് ചെയ്തു നീക്കിയില്ലെന്നും ഗവര്‍ണര്‍ പോലീസിനോട് ചോദിച്ചു.

More Stories from this section

family-dental
witywide