‘ജനാധിപത്യ പ്രക്രിയയില്‍ പ്രതിഷേധവുമുണ്ട്’; ഗവര്‍ണറുടെ സമനില തെറ്റിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊല്ലം നിലമേല്‍ സംഭവത്തോടെ ഗവര്‍ണറുടെ സമനില തെറ്റിയെന്നാണ് തോന്നുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊലീസ് ഗവര്‍ണര്‍ക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഗവര്‍ണര്‍ തീരുമാനിച്ചുറപ്പിച്ച പോലെ ചെയ്യുന്നുവെന്നാണ് തോന്നുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നും കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുളള എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതികരിച്ച് വി ശിവന്‍കുട്ടി പറഞ്ഞു.

ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇങ്ങനെയൊക്കെ പെരുമാറിയാല്‍ എന്താണ് ചെയ്യേണ്ടതെന്നും വി ശിവന്‍കുട്ടി ചോദിച്ചു. പ്രതിഷേധമൊക്കെ സാധാരണ നിലയില്‍ ഉണ്ടാകുന്ന ഒന്നല്ലെ. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വരെ പ്രതിഷേധമുണ്ടാകാറുണ്ട്. ഇതൊക്കെ സാധാരണയാണ്. ജനാധിപത്യ പ്രക്രിയയില്‍ ഇതൊക്കെയുണ്ടെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

കൊട്ടരക്കരക്ക് അടുത്തുള്ള സദാനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ കരിങ്കൊടി ഉയര്‍ത്തിയത്. പ്രകോപിതനായ ഗവര്‍ണര്‍ ഉടന്‍ കാറില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഗവര്‍ണര്‍ പ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞെങ്കിലും പോലീസ് ഇടപെട്ട് തടയുകയായിരുന്നു.

ഇതോടെ ക്ഷുഭിതനായ ഗവര്‍ണര്‍ പോലീസിനെ രൂക്ഷമായി ശകാരിച്ചു. വാഹനത്തില്‍ കയറാന്‍ തയ്യാറാകാതിരുന്ന ഗവര്‍ണര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാതെ താന്‍ അവിടെ നിന്നും നീങ്ങില്ലെന്ന് ആവര്‍ത്തിച്ചു. എന്തുകൊണ്ട് പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തു നീക്കിയില്ലെന്നും പൊലീസ് തന്നെ നിയമം ലംഘിക്കുകയാണെങ്കില്‍ ആരാണ് അത് പാലിക്കുകയെന്നും ഗവര്‍ണര്‍ ചോദിച്ചു.

25 ഓളം പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടി ഉയര്‍ത്തിയത്. ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയതാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാനറുമായി എത്തിയത്. ഇതോടെയാണ് ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങിയത്. തൊട്ടടുത്തുള്ള കടയില്‍ കയറിയ ഗവര്‍ണര്‍ കസേരയിട്ട് ഇരുന്ന് വെള്ളം കുടിക്കുകയും ചെയ്തു. പിന്നീട് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി.

More Stories from this section

family-dental
witywide