യുകെയിൽ ഇന്ത്യൻ വിദ്യാർഥികളോട് വിവേചനം, കൂട്ടമായി തോൽപ്പിച്ചു: എസ്എഫ്ഐ പ്രക്ഷോഭത്തിന്


യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് സ്കോട്ട്ലൻഡ് ലണ്ടൻ ക്യാംപസിലെ ദക്ഷിണേഷ്യൻ വിദ്യാർത്ഥികൾ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
ഇന്ത്യൻ വിദ്യാർഥികളോടുള്ള വിവേചനപരമായ പെരുമാറ്റത്തിനും പക്ഷപാതത്തിനും എതിരെയാണ് പ്രക്ഷോഭം. ഓഗസ്റ്റ് ഒന്നിന് യൂണിവേഴ്സിറ്റിയുടെ മുൻപിൽ വിദ്യാർഥികൾ സമരം ചെയ്യും. ഓഗസ്റ്റിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ല എങ്കിൽ സെപ്റ്റംബർ 3 മുതൽ അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്ന് എസ്എഫ്ഐ യുകെ സെക്രട്ടറി നിഖിൽ മാത്യു, പ്രസിഡൻ്റ് പ്രിയംവദ സീൽ എന്നിവർ അറിയിച്ചു.

വിവേചനരപരമായ ഒട്ടേറെ നടപടികളിലൂടെയാണ് ദക്ഷിണേഷ്യൻ വിദ്യാർത്ഥികൾ ഈ ക്യാംപസിൽ കടന്നു പോകുന്നത്. അക്കാദമിക് സ്റ്റാഫിലെ ചില അംഗങ്ങളിൽ നിന്നുള്ള പക്ഷപാതപരമായ പെരുമാറ്റവും വിദ്യാർത്ഥികൾക്കു നേരെയുള്ള അപകീർത്തികരമായ പദപ്രയോഗങ്ങളും നിത്യ സംഭവമാണ്. ക്ളാസിൽ മാത്രമല്ല പുറത്തും ഇതാണ് അവസ്ഥ. “ഇന്ത്യൻ വിദ്യാർത്ഥികൾ വീസയ്ക്ക് വേണ്ടി മാത്രമാണ് വരുന്നതെന്നും, പഠിക്കാനല്ല” എന്ന രീതിയിലുള്ള കമൻ്റുകൾ നിരന്തരം കേൾക്കേണ്ടി വരുന്നുണ്ട്. ദക്ഷിണേഷ്യയിൽ നിന്നുള്ള നൂറുകണക്കിന് എംബിഎ വിദ്യാർഥികൾ ഒരു മൊഡ്യൂളിൽ കൂട്ടമായി പരാജയപ്പെട്ട സംഭവവുമുണ്ടായി. ഈ കുട്ടികളിൽ ആർക്കും ബിരുദം കിട്ടില്ല.
സർവകലാശാലയുടെ ഔദ്യോഗിക ചാനലുകളിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് എസ്എഫ്ഐ സമരത്തിന് ഇറങ്ങാൻ തീരുമാനിച്ചത്. യുഡബ്ല്യുഎസ് പെയ്‌സ്‌ലി കാമ്പസിൽ ജനുവരിയിൽ എസ്എഫ്ഐയും സർവകലാശാലാ ഭരണസമിതിയും തമ്മിൽ യോഗം ചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. ഫെബ്രുവരി 22ന് ഒരു അന്വേഷണ സംഘം പരാതിയുള്ള വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അവരുടെ പരാതികൾ പരിഗണിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ആ അന്വേഷണം എങ്ങും എത്തിയില്ല. ഇപ്പോഴും വിദ്യാർഥികൾ അതേ പ്രശ്നം നേരിടുകയാണ്.

വിദ്യാർത്ഥികളുടെ വാദങ്ങളെ പിന്തുണയ്ക്കുന്നതിനായി നിരവധി സാക്ഷി മൊഴികൾ ഉൾപ്പെടെയുള്ള തെളിവുകൾ എസ്എഫ്ഐ ശേഖരിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ വീസാ കാലാവധി അവസാനിക്കാനായി സർവകലാശാല പരിഹാര നടപടികൾ മനപൂർവം വൈകിപ്പിക്കുകയാണ്. ഇനി വരുന്ന വിദ്യാർഥികളുടെ അവസ്ഥയ്ക്കും മാറ്റമൊന്നുമുണ്ടാകില്ല എന്ന് ബോധ്യമുള്ളതിനാൽ കൂടിയാണ് എസ്എഫ്ഐ ഈ പ്രശ്നം ഏറ്റെടുത്ത് സമരത്തിന് ഒരുങ്ങുന്നത്.

ഓഗസ്റ്റ് അവസാനത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ വിദ്യാർഥികൾ സെപ്റ്റംബർ 3 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് എസ്എഫ്ഐ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: +44 7435 382799

sfi.unitedkingdom@gmail.com