
തിരുവനന്തപുരം: ‘ഇടിമുറി’യിൽ ഭിന്നശേഷിക്കാരനെയടക്കം ക്രൂരമായി മർദ്ദിച്ചെന്ന വിവാദങ്ങളിൽ യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിക്ക് സി പി എം ജില്ലാ കമ്മിറ്റി വക ശിക്ഷ. യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടാൻ പാർട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചത്. പാർട്ടി നേതൃത്വം ഇടപെട്ടിട്ടും യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ അക്രമ സംഭവങ്ങൾ തുടരുന്ന പശ്ചാതലത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കടുത്ത തീരുമാനം കൈക്കൊണ്ടത്.
യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ അഡ്ഹോക്ക് കമ്മിറ്റിയെ തെരെഞ്ഞെടുക്കാൻ എസ് എഫ് ഐ ജില്ലാ കമ്മിറ്റിക്ക് പാർട്ടി നിർദ്ദേശം നൽകിക്കഴിഞ്ഞു. കടുത്ത നടപടി വേണമെന് പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയാണ് ഇന്ന് ചേർന്ന സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ആവശ്യപ്പെട്ടത്. എസ് എഫ് ഐ പ്രവർത്തകൻ കൂടിയായ ഭിന്നശേഷി വിദ്യാർത്ഥിയെ മർദ്ദിച്ച യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെ 4 പേരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വിദ്യാർഥിയെ ഹോസ്റ്റലിനുള്ളിൽ വച്ച് കഴിഞ്ഞ ദിവസം മർദ്ദിച്ചിരുന്നു. ഇതോടെയാണ് പാർട്ടി നേതൃത്വം കടുത്ത നടപടികളിലേക്ക് കടന്നത്.