വടകര: വടകര ലോകസഭ തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായ ‘കാഫിർ’ പ്രയോഗത്തിലെ സത്യാവസ്ഥ പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് ഷാഫി പറമ്പിൽ എം പി. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇത് ചെയ്തിട്ടില്ല, ചെയ്യിപ്പിച്ചിട്ടുമില്ല അന്നേ പറഞ്ഞതാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുക എന്ന രീതിയാണ് സിപിഎം നടത്തി പോരുന്നതെന്ന് ഷാഫി വിമർശിച്ചു.
പ്രമുഖ നേതാക്കൾ വരെ ഇതേടുത്ത് തനിക്കെതിരെ ഉപയോഗിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാശിയെറിയ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഘട്ടം ആയപ്പോഴാണ് സിപിഎം ഇത്തരം മോശം പ്രവണത പുറത്തെടുത്തത്. എനിക്ക് ഇത് നേരത്തെ തന്നെ മനസിലായതാണെന്ന് ഷാഫി പറഞ്ഞു.
‘കാഫിർ’ പ്രയോഗത്തിൽ പോരാളിമാരുടെ പങ്ക് പുറത്ത് വന്നതിൽ സന്തോഷം ഉണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ പ്രയോഗം പടച്ചുവിട്ടവരെ ഇപ്പോൾ പാർട്ടി തള്ളി പറയുന്നുണ്ട്. പക്ഷേ ഇവരുടെ പോസ്റ്റുകൾ പ്രമുഖർ അടക്കം ഷെയർ ചെയ്ത് പ്രചരിപ്പിച്ചതാണ്. വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകൾ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നോ പൊലീസ് ഡീൽ ചെയ്യുകയെന്ന് ഷാഫി ചോദിച്ചു.
പോലീസ് സ്ലോ മോഷനിൽ ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് സിപിഐഎം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തതെന്നും ഷാഫി ചോദിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഇത് ഉപയോഗിച്ചവർ ഉണ്ട്. എം എൽ എ ഉൾപ്പടെയുള്ള ആളുകൾ അവരുടെ ഫേസ്ബുക്കിൽ ഇത് പങ്കുവെച്ചുവെന്ന് ഷാഫി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ വലിയ വിവാദമായി മാറിയ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിലാണ് ഈ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ഹൈക്കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. റെഡ് ബറ്റാലിയൻ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിർ’ വ്യാജ സ്‌ക്രീൻ ഷോട്ട് ലഭിച്ചു. പോരാളി ഷാജി ഫേസ്ബുക് പേജിന്റെ ഉടമ വഹാബാണ് വ്യാജ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തത്.