കോഴിക്കോട്: അശ്ലീല വീഡിയോ ആരോപണത്തില്‍ വടകരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വക്കീൽ നോട്ടീസയച്ചു. അശ്ലീല ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചെന്ന ആരോപണം ശൈലജ പിൻവലിക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നതുമാണ് വക്കീൽ നോട്ടീസിലൂടെ ഷാഫി ആവശ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
താനും പാർട്ടി പ്രവർത്തകരും ചേർന്ന് എതിർ സ്ഥാനാർത്ഥിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് കെ കെ ശൈലജ ആരോപിച്ചത്. ഈ പ്രസ്‌താവന തനിക്കും കുടുംബത്തിനുമെതിരെയുള്ള സൈബർ അധിക്ഷേപങ്ങൾക്ക് വഴിവച്ചു. തന്റെ പ്രായമായ അമ്മയെപ്പോലും സി പി എം അണികൾ സൈബറിടങ്ങളിൽ ആക്രമിച്ചുവെന്ന് ഷാഫി പറഞ്ഞു.
മോർഫ് ചെയ്ത വീഡിയോ ആരോപണവുമായി ആദ്യം രംഗത്തെത്തിയ ശൈലജ ആരോപണം തിരുത്തിയതിൽ സന്തോഷമുണ്ടെന്ന് ഷാഫി ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. പക്ഷേ തനിക്ക് ഉമ്മയില്ലേ എന്നാണ് ആദ്യ വാർത്താസമ്മേളനത്തിൽ ഇടത് നേതാക്കൾ ചോദിച്ചതെന്നും അനാവശ്യ ആരോപണത്തിൽ ഉമ്മയെ കൂടി വലിച്ചിഴച്ചതിനാൽ തന്നെ ശൈലജ അടക്കമുള്ളവർക്കെതിരെ നിയമ നടപടിയിലേക്ക് നീങ്ങുമെന്നും ഷാഫി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
Shafi Parambil sends legal notice to KK Shailaja