തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി അജിത്കുമാറിനെ മാറ്റിയതില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി.
ആര്‍എസ്എസിന്റെ ചുമതലയില്‍ നിന്ന് അജിത്കുമാറിനെ മാറ്റി എന്നതാണ് വസ്തുതയെന്നും മാറ്റത്തില്‍ വ്യക്തതയില്ലെന്നും അജിത് കുമാറിനെതിരെ നടപടി വേണമെന്നും ഷാഫി ആവശ്യപ്പെട്ടു. ഒരു സെക്കന്റ് പോലും വൈകാതെ നടപടി എടുക്കേണ്ട വിഷയത്തില്‍ ആര്‍എസ്എസിന്റെ തീരുമാനം കാത്തിരിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. അതുകൊണ്ടാണ് നടപടി വൈകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലപ്പുറത്തെ നിരോധിക്കപ്പെട്ട സംഘടനകളുടെ കേന്ദ്രമാക്കി മുദ്രകുത്തിയതിന് പിന്നിലും ആര്‍എസ്എസ് അജണ്ടയാണ്. മലപ്പുറത്തെ മാത്രമല്ല ഒരു സംസ്ഥാനത്തെ തന്നെയാണ് ഒറ്റുകൊടുത്തത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി വാര്‍ത്താകുറിപ്പ് വിതരണം ചെയ്തത് ക്രൂരമായ നടപടിയാണ്. സീതാറാം യെച്ചൂരി മരിച്ചുകിടക്കുന്ന ദിവസം മുഖ്യമന്ത്രിക്ക് വേണ്ടി ഇതുപോലൊരു വാര്‍ത്താകുറിപ്പ് വിതരണം ചെയ്തത് എന്തിനെന്ന് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രതികരിച്ച ഷാഫി ഉചിതനായ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി കണ്ടെത്തുമെന്നും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ സീറ്റ് ബിജെപിക്ക് ലഭിക്കാനാണ് തൃശൂര്‍ പൂരം കലക്കിയതെന്നും ഷാഫി ആരോപിച്ചു.