ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന മലയാള സിനിമയിലെ പവര്‍ഗ്രൂപ്പ്, സൂപ്പർതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ആണെന്ന് നടി ഷക്കീല. ഇന്ന് ഈ ഗ്രൂപ്പില്‍ മുകേഷും ഉണ്ട്, എന്നാല്‍ മെയിന്‍ പര്‍ഗ്രൂപ്പ് മോഹന്‍ലാലും മമ്മൂട്ടിയും ആണെന്നാണ് ഷക്കീല പറയുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ സിനിമകളിലും പവര്‍ഗ്രൂപ്പ് ഉണ്ടെന്നും ഷക്കീല വ്യക്തമാക്കി.
നടിമാരുടെ വാതിലില്‍ മുട്ടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തുന്നുണ്ട്. നടി രൂപശ്രീക്ക് ഉണ്ടായ ദുരനുഭവം താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു. “രൂപശ്രീ നായികയായ ചിത്രത്തില്‍ ഞാനും അഭിനയിക്കുന്നുണ്ടായിരുന്നു. എന്‍റെ മുറിക്ക് അടുത്തായിരുന്നു അവരുടെ മുറിയും. കുറച്ചു പേര്‍ മദ്യപിച്ച് വന്ന് അവരുടെ കതകില്‍ മുട്ടി. ഞാന്‍ കതക് തുറന്നുനോക്കിയപ്പോള്‍ നാലഞ്ച് പേര്‍ മദ്യപിച്ച് നില്‍ക്കുകയാണ്. വാതില്‍ തുറക്കെടി എന്നാണ് അവര്‍ പറയുന്നത്. ആ സമയത്ത് എനിക്കൊപ്പം സഹോദരനും കുറച്ചു സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഞങ്ങള്‍ അവരോട് പോവാന്‍ പറഞ്ഞു. അത് തര്‍ക്കമായി. അവരില്‍ ഒരാള്‍ എന്നെ തല്ലി, ഞാന്‍ തിരിച്ചും തല്ലി, അന്ന് അവിടെ ഒരു അമേരിക്കന്‍ അച്ചായന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ച് വെളുപ്പിനെ നാലുമണിക്ക് തന്നെ രൂപശ്രീയെ ചെന്നൈയിലേക്ക് അയച്ചു. ഇങ്ങനെ ഒരുപാട് സംഭവങ്ങളും നടന്നിട്ടുണ്ട്,” ഷക്കീല പറഞ്ഞു.
മീടുവിനോട് ശക്തമായി വിയോജിക്കുന്നവെന്നും. അതിക്രമം ഉണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞ് ആരോപണം ഉയര്‍ത്തുന്നത് ശരിയല്ലെന്നും ഷക്കീല പറഞ്ഞു. ഉപദ്രവിക്കാന്‍ ആരെങ്കിലും വന്നാല്‍ ചെരിപ്പൂരി അടിക്കണം. എല്ലാ ഭാഷയിലും സിനിമകളില്‍ സ്ത്രീകള്‍ ചൂഷണം നേരിടുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കമ്മീഷനുകള്‍ വന്നാലും ഇത് മാറാന്‍ പോകുന്നില്ലെന്നും നടന്മാരെ ജയിലില്‍ അടച്ചാല്‍ മാത്രമേ പ്രശ്നങ്ങള്‍ക്ക് പൂര്‍ണപരിഹാരം ഉണ്ടാകുകയുള്ളൂ എന്നാണ് ഷക്കീല പറയുന്നത്.