
കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ്. സ്ഥാനാര്‍ഥികളായി വനിതകളെ പരിഗണിച്ചില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നും ഷമാ മുഹമ്മദ് വിമര്‍ശനം ഉന്നയിച്ചു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്ന് ഷമ കുറ്റപ്പെടുത്തി.
50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം. കഴിഞ്ഞതവണ രണ്ടു വനിതകള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇത്തവണ ഒന്നായി കുറഞ്ഞു. കേരളത്തിലെ 51 ശതമാനം സ്ത്രീകളാണ്. 96 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. സ്ത്രീകൾ മുന്നോട്ടു വരണമെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുടെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
പാലക്കാട് നിന്നുള്ള എംഎല്‍എയെയാണ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു. മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബ ബന്ധങ്ങളുണ്ടെന്നും ഷമ വ്യക്തമാക്കി. അതേസമയം ഒട്ടും വൈകാതെ പ്രചാരണം തുടങ്ങാനാണ് യുഡിഎഫ് ക്യാമ്പിന്റെ തീരുമാനം.
“കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു വനിതാ സ്ഥാനാർഥികളുണ്ടായിരുന്നു. എന്നാൽ വനിതാ ബിൽ പാസായതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ഒരു വനിതാ സ്ഥാനാർഥി മാത്രമാണുള്ളത്. അതാണ് ഏറ്റവും സങ്കടം. ഇതു പരാതിയല്ല, അപേക്ഷയാണ്. സ്ഥാനാർഥിപ്പട്ടികയിൽ വനിതാ പ്രാതിനിധ്യം വേണം. സ്ത്രീകളുടെ വോട്ട് ഇപ്പോൾ മറ്റു പാർട്ടികൾക്കാണ് പോകുന്നത്. അതു തിരിച്ചുകൊണ്ടുവരണമെങ്കിൽ വനിതാ സ്ഥാനാർഥികൾ തന്നെ വേണം. തോൽക്കുന്ന സീറ്റല്ല കൊടുക്കേണ്ടത്,’’ ഷമാ മുഹമ്മദ് പറഞ്ഞു.