ജെറുസലേം: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. ഇസ്രയേലിലേക്കുള്ള ആയുധ കൈമാറ്റം ഫ്രാൻസ് നിർത്തിയതിലും ലോക രാജ്യങ്ങൾ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യമുന്നയിച്ചതിലുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയത്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മക്രോണിനെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു കടുത്തഭാഷയില്‍ വിമര്‍ശിച്ചത്. മാക്രോണിന്റെ നിലപാട് നാണംകെട്ടതും കാപട്യം നിറഞ്ഞതും ആണെന്ന് നെതന്യാഹു പറഞ്ഞു.
‘ഭീകരവാദത്തിനെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെടുകയും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിലനേതാക്കളുടെ കാപട്യം പുറത്തുവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ അവരുടെ സഖ്യകക്ഷികള്‍ക്കെല്ലാം ആയുധം നല്‍കുകയാണ്. ഹിസ്ബുള്ളയും ഹൂതികളും ഹമാസും അടക്കമുള്ള അടുപ്പക്കാര്‍ക്ക് ആയുധം നല്‍കുന്നത് ഇറാന്‍ നിയന്ത്രിക്കുന്നുണ്ടോ? ഭീകരവാദ ശക്തികള്‍ ഒന്നിച്ച് അണിനിരന്നിരിക്കുകയാണ്. എന്നാല്‍ ഈ ശക്തികളെ എതിര്‍ക്കുമെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ ഇസ്രയേലിന് ആയുധം ലഭിക്കുന്നത് തടസപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. എന്തൊരു അപമാനകരമാണ്’ – വീഡിയോ സന്ദേശത്തില്‍ നെതന്യാഹു ചോദിച്ചു.
നേരത്തെ ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തി വെച്ചെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പ്രഖ്യാപിച്ചിരുന്നു. ലബനാനിൽ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയെയടക്കം മാക്രോൺ വിമർശിച്ചിരുന്നു. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്നും അതിനാൽ ഇസ്രായേലിലേക്കുള്ള ആയുധകയറ്റുമതി നിർത്തുകയാണെന്നും മാക്രോൺ വ്യക്തമാക്കിയിരുന്നു.