ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു. 55 വയസായിരുന്നു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തന്‍ എന്ന സുതേന്ദിരരാജ.
കരള്‍ രോഗത്തിനുള്ള ചികിത്സയിലായിരുന്നു ശാന്തനെന്ന് ആരോഗ്യമന്ത്രി മാ സുബ്രമണ്യന്‍ പറഞ്ഞു. ശാന്തന് ശ്രീലങ്കയിലേക്ക് പോകാനുള്ള എക്സിറ്റ് പെര്‍മിറ്റ് കേന്ദ്രം നല്‍കിയിരുന്നു. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തന്‍ നേരത്തെ ശ്രീലങ്കന്‍ പ്രസിഡന്റിനോട് സഹായം ചോദിച്ചിരുന്നു.
ബുധനാഴ്ച രാവിലെ ശാന്തന് ഹൃദയാഘാതമുണ്ടായതായി ആശുപത്രി ഡീന്‍ ഡോ.തെരനിരാജന്‍ സ്ഥിരീകരിച്ചു. രാവിലെ 7.50ഓടെയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ശ്രീലങ്കയിലേക്ക് അയക്കുന്നതിനുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
1991-ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശാന്തന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. 32 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മറ്റ് അഞ്ച് കുറ്റവാളികളോടൊപ്പം 2022 നവംബറിലാണ് ഇയാള്‍ മോചിതനായത്. മോചനത്തിന് ശേഷം, പാസ്പോര്‍ട്ടോ യാത്രാ രേഖകളോ ഇല്ലാത്ത എല്ലാ ശ്രീലങ്കന്‍ പൗരന്മാരെയും ട്രിച്ചി സെന്‍ട്രല്‍ ജയില്‍ കാമ്പസിലെ പ്രത്യേക ക്യാമ്പില്‍ പാര്‍പ്പിച്ചു. മറ്റുള്ളവര്‍ വിദേശത്ത് അഭയം തേടിയപ്പോള്‍, തന്റെ പ്രായമായ അമ്മയ്ക്കൊപ്പം ശ്രീലങ്കയിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ശാന്തന്‍ മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷിച്ചു. ശ്രീലങ്കയിലേക്ക് പോകാന്‍ ശാന്തന്‍ നേരത്തെ അനുമതി ആവശ്യപ്പെട്ടിരുന്നു, ഇത് കേന്ദ്ര സര്‍ക്കാര്‍ 24 ന് അനുവദിച്ചിരുന്നു.