ന്യൂഡൽഹി: ശരദ് പവാറിൻ്റെ പാർട്ടിക്ക് പുതിയ പേരു നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ്ചന്ദ്ര പവാർ എന്നാണ് പുതിയ പേര്. അജിത് പവാർ വിഭാഗത്തെ യഥാർഥ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയായി (എൻ.സി.പി) അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
“മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭയിലെ ആറ് സീറ്റുകളിലേക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി നിങ്ങളുടെ ഗ്രൂപ്പിൻ്റെ/വിഭാഗത്തിൻ്റെ പേര് അംഗീകരിച്ചതായി അറിയിക്കുന്നു,” തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
എൻസിപി ശരദ്ചന്ദ്ര പവാറിന് തിരഞ്ഞെടുപ്പ് ബോഡി ഇതുവരെ ചിഹ്നം അനുവദിച്ചിട്ടില്ല. ഉദയസൂര്യൻ, കണ്ണട, ആൽമരം എന്നിവയാണ് ഓപ്ഷനുകളായി നൽകിയിരിക്കുന്നത്.
രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ശരത്തിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തോട് പുതിയ പേര് തെരഞ്ഞെടുക്കാൻ കമീഷൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചക്കുശേഷം മുന്നിനകം പേരും ചിഹ്നവും നിർദേശിക്കാനാണ് ശരദ് പവാറിനോട് കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.