ഫ്ലോറിഡ: ഫ്ലോറിഡ ബീച്ചില്‍ ആക്രമണകാരികളായ സ്രാവുകളുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്. മൂന്നുപേര്‍ക്ക് സ്രാവുകളില്‍ നിന്നും ആക്രമണമേറ്റതിന് പിന്നാലെയാണ് മുന്നറിയിപ്പ് എത്തിയത്.
വെള്ളിയാഴ്ച സ്രാവുകളുടെ ആക്രമണത്തില്‍ ഒരു സ്ത്രീക്കും രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. ഫ്‌ലോറിഡയിലെ ഗള്‍ഫ് തീരത്ത് അധികൃതര്‍ ബോട്ടുകളില്‍ പട്രോളിംഗ് നടത്തുകയും സ്രാവുകളെ കുറിച്ച് നീന്തല്‍ക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.
ഫ്ലോറിഡ പാന്‍ഹാന്‍ഡിലിലെ ബീച്ചുകളില്‍ പ്രവേശിക്കുന്നത് താത്ക്കാലികമായി തടയുകയും അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ശനിയാഴ്ച വീണ്ടും തുറക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന രണ്ട് ആക്രമണങ്ങളും വാള്‍ട്ടണ്‍ കൗണ്ടിയിലാണ് നടന്നത്. ഇതോടെ, വാള്‍ട്ടണ്‍ കൗണ്ടിയില്‍, ഷെരീഫിന്റെ ഓഫീസും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും സംസ്ഥാന വന്യജീവി ഏജന്‍സിയും ചേര്‍ന്ന് ബോട്ടുകള്‍ ഉപയോഗിച്ചും തീരത്ത് വാഹനങ്ങള്‍ ഉപയോഗിച്ചും പട്രോളിംഗ് നടത്തുകയാണെന്ന് സൗത്ത് വാള്‍ട്ടണ്‍ ഫയര്‍ ഡിസ്ട്രിക്റ്റ് ശനിയാഴ്ച ഒരു അപ്ഡേറ്റില്‍ പറഞ്ഞു.