ന്യൂഡൽഹി: കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്‍റെ സംവിധായിക പായൽ കപാഡിയക്കെതിരെയുള്ള പോലീസ് കേസുകൾ പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട്. രാജ്യത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ വ്യക്തി എന്ന നിലയിൽ പായലിനെതിരെ മഹാരാഷ്ട്ര പൊലിസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലി ക്കണമെന്നാണ് തരൂർ എക്സിലൂടെ ആവശ്യപ്പെട്ടത്.
നടനും ബിജെപി അനുഭാവിയുമായ ഗജേന്ദ്ര ചൗഹാനെ പുനെയിലെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്‌ടിഐഐ) ചെയർമാനായി നിയമിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളിൽ മുൻനിരയിൽ ഉണ്ടായിരുന്നയാളാണ് പായൽ കപാഡിയ. 2015 ജൂൺ മുതൽ ഒക്ടോബർ വരെ 139 ദിവസം നീണ്ടുനിന്ന സമരത്തിന്റെ ഭാഗമായി പായൽ കപാഡിയ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2015-ലെ കേസ് ഇപ്പോഴും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പിൻവലിച്ചിട്ടില്ല.
ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ പായൽ കപാഡിയയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാജ്യത്തെ പുതിയ തലമുറയിലെ മുഴുവൻ സിനിമ പ്രവർത്തകർക്കും അഭിമാനമുണ്ടാക്കുന്ന നേട്ടമാണ് പായൽ കൈവരിച്ചത് എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള മോദിയുടെ ആശംസ. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.