തിരുവനന്തപുരം: താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണെന്നും രാഷ്ട്രീയ ചടങ്ങിനല്ലെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. അയോധ്യയിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും പങ്കെടുക്കുന്നത് സംബന്ധിച്ച് അവർ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ശശി തരൂർ.
ക്ഷേത്രത്തിൽ പോകുന്നത് വ്യക്തിപരമായ കാര്യമാണെന്നും ദൈവത്തെ പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ താല്പര്യ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പാർട്ടിയുടെ തീരുമാനം ഉടൻ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, ‘22–ാം തീയതിക്ക് ഇനിയും ദിവസം ഉണ്ടല്ലോ’ എന്ന് അദ്ദേഹം മറുപടി നൽകി.
“വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. വ്യക്തികള്‍ തീരുമാനിക്കും. ഞാൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണ്. ഒരു രാഷ്ട്രീയ ചടങ്ങിനല്ല പോകുന്നത്. അതിനുവേണ്ടി സാംസ്കാരിക സമ്മേളനം സൈഡിലുണ്ടാകാം. ഹാൾ ഉണ്ടാകാം. ക്ഷേത്രത്തിൽ പോകുന്നത് എന്റെ അഭിപ്രായത്തിൽ വേറെ കാര്യത്തിനാണ്. ദൈവത്തിന്റെ അടുത്ത് ബന്ധം സ്ഥാപിക്കാനാണ് പോകുന്നത്. സർക്കാരിന്റെ ഇടപെടൽ ആവശ്യമുണ്ടോ എന്നറിയില്ല. പക്ഷേ, അവർ ചെയ്തിട്ടുണ്ടെങ്കിൽ ചെയ്തോട്ടെ. ജനങ്ങൾ പ്രാർഥിക്കുന്നത് അവരുടെ സ്വന്തം താൽപര്യം കൊണ്ടാണ്. ആരും സർക്കാർ പറഞ്ഞിട്ടല്ല പ്രാർഥിക്കാൻ പോകുന്നത്,” തരൂർ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. അവസാന നിമിഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് ശരിയല്ല. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ പ്രവർത്തിക്കാൻ കൂടുതൽ സമയം ലഭിക്കും. തിരഞ്ഞെടുപ്പ് എന്തായാലും ഉണ്ടാകും. എല്ലാം പെട്ടെന്ന് ചെയ്യുന്നതാണ് നല്ലത്.