കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ പ്രസ്താവന ആരെ ഉദ്ദേശിച്ചുള്ളതാണെന്നതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ഒരാൾ തിരുവനന്തപുരത്തും ഒരാൾ ഡൽഹിയിലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എം.ടി പറയുന്നത് അംബേദ്കറിന്റെ അതേ ചിന്തകളാണെന്നും തരൂർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിൽ ഭക്തി ഒരു അപകടമാണെന്ന് അംബേദ്കർ പറഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയ നേതാവിനോട് ഭക്തികാണിച്ചാൽ, ദൈവമായി കണ്ടാൽ രാജ്യം പിഴയ്ക്കും. അംബേദ്കർ 70 വർഷങ്ങൾക്ക് മുൻപ് ചോദിച്ചത് എം.ടി ഇപ്പോഴും ചോദിക്കുന്നു. അത് ശരിയാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് നൂറുശതമാനം യോജിക്കുന്നുവെന്നും തരൂർ പറഞ്ഞു.
രാഷ്ട്രീയത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്നാണ് എക്കാലത്തെയും നിലപാടെന്നും ഇത്തവണ കൂടി മത്സരിച്ചുകഴിഞ്ഞാൽ യുവാക്കൾക്കായി മാറണമെന്ന് ആഗ്രഹമുണ്ടെന്നും ചെറിയാൻ ഫിലിപ്പിന്റെ കുറിപ്പിനേക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
അധികാര രാഷ്ട്രീയത്തേക്കുറിച്ചുള്ള എംടിയുടെ വിമർശനം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃതമാർഗമാണെന്ന് എംടി പറഞ്ഞിരുന്നു. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവെച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.