ദില്ലി: വയനാടിന് ദുരന്ത സഹായമെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്തിനെതിരെ ദുരന്ത നിവാരണ നിയമ ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ രൂക്ഷ വിമര്‍ശനം. കേന്ദ്ര സഹായവും പുനരധിവാസവും വൈകുന്ന വയനാട്ടിലെ പ്രശ്നങ്ങൾ ഇന്ന് ലോക്സഭയിൽ പ്രതിപക്ഷം ശക്തമായി ഉന്നയിച്ചു. ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ശശി തരൂർ എം പിയാണ് വിഷയം ശക്തമായി ഉന്നയിച്ചത്. ഇടക്കാല സഹായം അനുവദിക്കുന്നതിൽ കേന്ദ്രത്തിന് വലിയ വീഴ്ചയാണെന്നും കേരളത്തിന്‍റെ അഭ്യർത്ഥന നിരസിച്ചെന്നും പറഞ്ഞ തരൂർ, വയനാടിന് സഹായം നൽകാൻ കേന്ദ്രത്തിന് എന്തിനാണ് ഇത്ര മടിയെന്നും ചോദിച്ചു.
കേരളത്തോട് വേർതിരിവ് കാട്ടുകയാണ് എന്നതടക്കമുള്ള അതിരൂക്ഷ വിമർശനങ്ങളാണ് തരൂർ ഉന്നയിച്ചത്. മാത്രമല്ല, പുതിയ ബില്ലിനെയും പ്രതിപക്ഷം ശക്തമായി എതിർത്തു. വയനാട്ടിലേത് പോലുള്ള മഹാദുരന്തങ്ങളെ നേരിടാൻ ഒന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നില്ല. കാലാവസ്ഥ വ്യത്യാനം നേരിടാൻ ഒന്നുമില്ല, തിടുക്കപ്പെട്ട് പാർലമെന്‍റ് കടത്തുക എന്നത് മാത്രമാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യമെന്നതാണ് ശശി തരൂരിന്‍റെ വിമർശനം. എൻ ഡി ആർ ഫണ്ട് വിതരണത്തില്‍ കേന്ദ്രം കടുത്ത വിവേചനം കാട്ടുകയാണെന്നും, വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുമോയെന്നതില്‍ ആശങ്കയുണ്ടെന്നും ശശി തരൂര്‍ എം പി പറഞ്ഞു.
ഇടക്കാല സഹായം പോലും എത്തിക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടായി. പ്രതിപക്ഷ സംസ്ഥാനങ്ങളോടുള്ള വിവേചനമാണ് കേരളവും അനുഭവിക്കുന്നത്. 2023 ലുണ്ടായ ദുരന്തങ്ങളില്‍ കേന്ദരസഹായം വൈകിയപ്പോള്‍ തമിഴ്നാടും കര്‍ണ്ണാടകവും സുപ്രീംകോടതിയെ സമീപിച്ചാണ് തുക വാങ്ങിയെടുത്തത്. കേരളം പോലെ ദുരന്തങ്ങള്‍ ആവർത്തിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കരുതലായി പുതിയ ബില്ലിലും ഒന്നുമില്ലെന്ന് തരൂര്‍ തുറന്നടിച്ചു. വയനാട് എം പിയായ പ്രിയങ്ക ഗാന്ധി ഇന്ന് സംസാരിച്ചില്ല. ചര്‍ച്ച നാളെയും തുടരും. നാളെയാകും പ്രിയങ്കയുടെ പ്രസംഗമെന്നാണ് സൂചന.