ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കളെ പരിഹസിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തങ്ങളുടെ ഭാര്യമാരുടെ കൈവശം എത്ര ഇന്ത്യന്‍ സാരികള്‍ ഉണ്ടെന്നും എന്താണ് അവ കത്തിക്കാത്തതെന്നും വ്യക്തമാക്കണമെന്ന് ഷെയ്ഖ് ഹസീന പരിഹസിച്ചു.
ബംഗ്ലാദേശില്‍ നടക്കുന്ന ‘ഇന്ത്യ-ഔട്ട്’ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാക്കളെ ഹസീന കുറ്റപ്പെടുത്തിയത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ യോഗത്തെ അഭിസംബോധന ചെയ്യവെ, ബിഎന്‍പി നേതാക്കള്‍ക്കെതിരെ ചോദ്യശരങ്ങള്‍ തൊടുത്ത ഹസീന- ‘എന്റെ ചോദ്യം, അവരുടെ ഭാര്യമാര്‍ക്ക് എത്ര ഇന്ത്യന്‍ സാരികള്‍ ഉണ്ട്? എന്തുകൊണ്ടാണ് അവര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് സാരി എടുത്ത് തീയിടാത്തത്? ദയവായി ബിഎന്‍പി നേതാക്കളോട് ചോദിക്കൂ, എന്ന് പരിഹസിച്ചു.
ഈ വര്‍ഷമാദ്യം നടന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാലാം തവണയും ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരമേറ്റ ഹസീന, ബിഎന്‍പി അധികാരത്തിലിരുന്നപ്പോള്‍ മന്ത്രിമാരും അവരുടെ ഭാര്യമാരും ഇന്ത്യാ യാത്രകളില്‍ സാരി വാങ്ങിയിരുന്നെന്നും, കൂടാതെ, ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ബംഗ്ലാദേശിലെ അടുക്കളകളിലുള്ളതെന്നും പറഞ്ഞു. ഗരം മസാല, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, തുടങ്ങി എല്ലാ മസാലകളും ബിഎന്‍പി നേതാക്കളുടെ വീടുകളില്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കെതിരായ പ്രതീകാത്മക പ്രതിഷേധമെന്ന നിലയില്‍ ബിഎന്‍പി നേതാവ് റൂഹുല്‍ കബീര്‍ റിസ്വി തന്റെ കശ്മീരി ഷാള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് പരാമര്‍ശമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്.
Sheikh Hasina against the opposition’s call to boycott India