ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിലധികമായി ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മറ്റൊരു രാജ്യങ്ങളിലും അഭയം തേടിയിട്ടില്ലെന്ന് മകൻ സജീബ് വസേദ്. 76 കാരിയായ ഹസീന, രാഷ്ട്രീയത്തിൽ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഇനിയുള്ള തൻ്റെ സമയം കുടുംബത്തോടൊപ്പം ചെലവിടാനാണ് തന്റെ മാതാവ് ആഗ്രഹിക്കുന്നതെന്നും വാഷിംഗ്ടണിൽ താമസിക്കുന്ന സജീബ് വസേദ് കൂട്ടിച്ചേർത്തു.
ഹസീന നിലവിൽ ഇന്ത്യയിൽ താമസിക്കുമെന്നും ഭാവി പരിപാടികളെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടന്റെ നിശബ്ദത സംബന്ധിച്ചുള്ള ഒന്നിലധികം റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, യുകെയിലോ യുഎസിലോ ഷെയ്ഖ് ഹസീന അഭയം തേടിയെന്ന വാർത്തകൾ തെറ്റാണെന്ന് സജീബ് കൂട്ടിച്ചേർത്തു. യുഎസ് വിസ അസാധുവാക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന്, യുഎസുമായി അത്തരമൊരു ചർച്ച നടന്നിട്ടില്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
“അവർക്ക് ബംഗ്ലാദേശിലെ രാഷ്ട്രീയം മതിയായി… രാഷ്രീയത്തിൽ നിന്ന് വിരമിക്കാൻ അമ്മ പദ്ധതിയിട്ടിരുന്നു, ഇത് അവരുടെ അവസാന ടേമായിരിക്കും,” അദ്ദേഹം പറഞ്ഞു. കുടുംബം ഇപ്പോൾ ഒരുമിച്ച് സമയം ചെലവഴിക്കാൻ പദ്ധതിയിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാൻ വാഷിംഗ്ടണിലാണ്, എൻ്റെ അമ്മായി ലണ്ടനിലാണ്, എൻ്റെ സഹോദരി ദില്ലിയിലാണ് താമസിക്കുന്നത്, അതിനാൽ ഞങ്ങൾക്കറിയില്ല. ഈ സ്ഥലങ്ങളിലെല്ലാം അമ്മ യാത്ര ചെയ്തേക്കാം,” അദ്ദേഹം പറഞ്ഞു.