ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായതോടെ രാജിവെച്ച് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് താത്ക്കാലികമായി അഭയം തേടിയിട്ടുള്ളത്. യുകെയിലേക്ക് പോകാനാണ് ഇന്ത്യയിലെത്തിയതെങ്കിലും രാഷ്ട്രീയ അഭയം നല്‍കാന്‍ യുകെ വിസമ്മതിക്കുകയായിരുന്നു. വിസ റദ്ദാക്കി അമേരിക്കയും നിലപാട് കടുപ്പിച്ചതോടെ ഷെയ്ഖ് ഹസീന ഇനി എങ്ങോട്ട് പോകുമെന്ന അനിശ്ചിതത്വം തുടരുകയാണ്.
അനിശ്ചിതത്വത്തിനിടയില്‍, ജനാധിപത്യം പുനഃസ്ഥാപിച്ചാലുടന്‍ 76 കാരിയായ നേതാവ് രാജ്യത്ത് തിരിച്ചെത്തുമെന്ന് മകന്‍ സജീബ് വസേദ് ജോയ് വ്യാഴാഴ്ച പറഞ്ഞു. സജീവ രാഷ്ട്രീയക്കാരിയായാണോ അതോ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് വിട പറഞ്ഞാണോ ഹസീനയുടെ മടങ്ങിവരവ് എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ജോയ് പറഞ്ഞു.
‘ബംഗ്ലാദേശിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ രാഷ്ട്രീയ പാര്‍ട്ടിയാണ് അവാമി ലീഗ്, അതിനാല്‍ നമുക്ക് നമ്മുടെ ജനങ്ങളില്‍ നിന്ന് അകന്നു പോകാനാവില്ല. ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടാല്‍ ഹസീന തീര്‍ച്ചയായും ബംഗ്ലാദേശിലേക്ക് മടങ്ങും,’ ജോയ് കൂട്ടിച്ചേര്‍ത്തു.
ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങില്ലെന്ന് ഒരു വാര്‍ത്താ ചാനലിനോട് അഭിപ്രായം തുറന്നുപറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ജോയിയുടെ യൂ ടേണ്‍.
അതേസമയം, അമ്മയെ സംരക്ഷിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എനിക്ക് ഹൃദയംഗമമായ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.