
ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഷെയ്ഖ് ഹസീനയുടെ പാർട്ടി അവാമി ലീഗ്. ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളും നേടിയാണ് അവാമി ലീഗ് വിജയിച്ചത്. ഇതോടെ തുടർച്ചയായി അഞ്ചാം തവണയും ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി വിട്ടു നിന്ന തിരഞ്ഞെടുപ്പിൽ ജാതീയ പാർട്ടി( നാഷണലിസ്റ്റ് പാർട്ടി) യായിരുന്നു അവാമി ലീഗ് സഖ്യത്തിന്റെ പ്രധാന എതിരാളി. കേവലം 11 സീറ്റുകൾ മാത്രമേ പാർട്ടിക്ക് നേടാൻ സാധിച്ചുള്ളൂ.
പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിഎൻപി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നതിനാൽ ഒട്ടുമിക്ക സീറ്റുകളും വെല്ലുവിളികളില്ലാതെയാണ് അവാമി ലീഗ് വിജയിച്ചത്. ആറ് പാർട്ടികളുള്ള സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ് ഹസീന മത്സരിച്ചത്. അവാമി ലീഗിനെ കൂടാതെ വർക്കേഴ്‌സ് പാർട്ടി ഓഫ് ബംഗ്ലാദേശ്, ജാതിയ സമാദ്തന്ത്രിക് ദൾ, ബംഗ്ലാദേശ് താരീക്കത്ത് ഫെഡറേഷൻ, ജാതിയ പാർട്ടി (മഞ്ചു) , കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശ് എന്നിവരാണ് സഖ്യത്തിലെ മറ്റുപാർട്ടികൾ.
തുടർച്ചയായി അഞ്ചാം തവണയാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. രാജ്യത്തിന്റെ പത്താമത് പ്രധാനമന്ത്രിയായി 2009 ജനുവരിയിലാണ് ഹസീന അധികാരമേറ്റത്. അവാമി ലീഗിൽ നിന്നും പ്രധാനമന്ത്രി പദത്തിലെത്തിയ നാലാമത്തെ വ്യക്തിയുമാണ് ഹസീന.
തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപിച്ച് വൻ പ്രതിഷേധമാണ് രാജ്യത്ത് പ്രതിപക്ഷ പാർട്ടിയായ ബിഎൻപി അഴിച്ചുവിട്ടത്. വെള്ളിയാഴ്ച നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൊതു സ്ഥാപനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ധാക്കയിൽ കലാപകാരികൾ ട്രെയിനിന് തീയിട്ടു. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.