‘അസാധാരണ നേതൃഗുണമുള്ളയാൾ’, ട്രംപിന് ആശംസകളുമായി ശൈഖ് ഹസീന; നിയുക്ത അമേരിക്കൻ പ്രസിഡന്റിനെ മൈൻഡാക്കാതെ ബംഗ്ലാദേശ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിന് ആശംസകളുമായി പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. റിപബ്ലിക്കൻ നേതാവിന്റെ അസാധാരണ നേതൃഗുണങ്ങളെ പ്രശംസിച്ച ഹസീന, ട്രംപില്‍ അമേരിക്കൻ ജനതയ്ക്ക് വലിയ വിശ്വാസമുണ്ടെന്നും കുറിച്ചു.

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി വിജയിച്ച ഡൊണാള്‍ഡ് ജെ ട്രംപിനെ ശൈഖ് ഹസീന അഭിനന്ദിച്ചു എന്ന അടിക്കുറിപ്പോടെ അവാമി ലീഗിന്റെ വൈരിഫൈഡ് ഫേസ്ബുക്ക് പേജാണ് ഹസീനയുടെ ആശംസ പങ്കുവെച്ചത്. ബംഗ്ലാദേശും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നും പോസ്റ്റില്‍ ഹസീന ആശംസിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്ന് കടന്ന ഹസീന ഇതിന് മുമ്ബ് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള പോസ്റ്റാണ് പങ്കുവെച്ചിരുന്നത്.

ശൈഖ് ഹസീന ട്രംപിന് ആശംസ നല്‍കിയപ്പോഴും, ലോകരാജ്യങ്ങള്‍ ട്രംപിന് ആശംസയുമായി രംഗത്ത് വന്നുകൊണ്ടിരിക്കുമ്ബോഴും ഇടക്കാല ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. മുഹമ്മദ് യൂനുസ് ട്രംപ് വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നത് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കിത്തുടങ്ങിയിരിക്കുന്നു.

സംവരണ നിയമത്തിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ബംഗ്ലാദേശ് വിട്ട് ശൈഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയിരുന്നു. ബംഗ്ലാദേശ് സൈന്യത്തിന്റെ നിർദേശപ്രകാരമാണ് ഹസീന രാജിവെച്ച്‌ രാജ്യം വിട്ടത്. സഹോദരിയോടൊപ്പമാണ് രാജ്യംവിട്ടത്.1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കള്‍ക്ക് സർക്കാർ ജോലിയില്‍ 30 ശതമാനം സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ 400 ലേറെ പേരാണ് കൊല്ലപ്പെട്ടത്.

More Stories from this section

family-dental
witywide