ദില്ലി: സംവരണ പ്രക്ഷോഭത്തെത്തുടർന്ന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന ഷെയ്ഖ് ഹസീന വമ്പൻ വെളിപ്പെടുത്തലുമായി രംഗത്ത്. ബംഗ്ലാദേശ് സര്‍ക്കാരിനെ അട്ടിമറിച്ചതില്‍ അമേരിക്കയ്ക്കും പങ്കുണ്ടെന്ന് ആരോപണമാണ് രാജ്യം വിട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിലൂടെ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് അമേരിക്കക്ക് കൈമാറി ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ ആധിപത്യം അംഗീകരിച്ചിരുന്നുവെങ്കിൽ പ്രധാനമന്ത്രി പദവിയില്‍ തനിക്ക് തുടരാന്‍ സാധിക്കുമായിരുന്നുവെന്ന് ഹസീന പറഞ്ഞു.
ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തോടായിരുന്നു അധികാരം നഷ്ടമായ ശേഷമുള്ള ഹസീനയുടെ ആദ്യ പ്രതികരണം. മൃതശരീരങ്ങള്‍ വഹിച്ചുള്ള വിലാപ യാത്രകള്‍ കാണാന്‍ താത്പര്യമില്ലാത്തതിനാലാണ് രാജിവച്ചതെന്നും അവർ വിവരിച്ചു. ബംഗ്ലാദേശിലേക്ക് വൈകാതെ മടങ്ങുമെന്നും ഹസീന വ്യക്തമാക്കി.
രാജിവച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യയിലെത്തിയ ഹസീന ഇപ്പോളും രാജ്യത്ത് തുടരുകയാണ്. യു കെയടക്കം വിവിധ ലോകരാജ്യങ്ങളിൽ അഭയത്തിന് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഏതെങ്കിലും രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കുന്നതുവരെ ഹസീനക്ക് ഇന്ത്യയിൽ തുടരാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.