ന്യൂഡല്‍ഹി: പാക് നടിയും മോഡലുമായ സന ജാവേദുമായുള്ള വിവാഹത്തിനും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹമോചന പ്രഖ്യാപനത്തിനും പിന്നാലെ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷൊയ്ബ് മാലിക് വാര്‍ത്തകളില്‍ നിറയുകയാണ്.
അദ്ദേഹത്തിന്റെ വിവാഹവാര്‍ത്ത പാകിസ്ഥാനിലും ഇന്ത്യയിലും വലിയ അലയൊലികളാണ് സൃഷ്ടിച്ചത്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള നെഗറ്റീവ് കമന്റുകളാണ് സനയ്ക്കും ഷൊയ്ബ് മാലികിനും ലഭിക്കുന്നത്. വിവാഹശേഷം സന തന്റെ ആദ്യ സോളോ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഇതേത്തുടര്‍ന്ന് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സ് വളരെയധികം ട്രോളുകയും ചെയ്തിരിക്കുകയാണ്.
ഒരു വസ്ത്ര ബ്രാന്‍ഡുമായുള്ള തന്റെ സഹകരണവുമായി ബന്ധപ്പെട്ട പോസ്റ്റാണ് താരം പങ്കുവെച്ചതെങ്കിലും ആളുകള്‍ സാനിയയുമായി ഷൊയ്ബ് പിരിഞ്ഞതും മറ്റും ചര്‍ച്ചയാക്കി സനയെ നെഗറ്റീവ് കമന്റുകള്‍കൊണ്ട് പൊതിയുകയായിരുന്നു.
അതേസമയം, പാകിസ്ഥാന്‍ വാര്‍ത്താ ചാനലായ സമാ ടിവിയിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം മാലിക്കും സനയും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയബന്ധത്തിലായിരുന്നു എന്ന് അവകാശപ്പെട്ടിരുന്നു. ഇന്ത്യയിലടക്കം ഇത് വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.
മാത്രമല്ല, മാലിക്കിനെ വിവാഹം കഴിക്കുന്നതിന്റെ മൂന്നുമാസം മുമ്പ് മാത്രമാണ് സന തന്റെ മുന്‍ ഭര്‍ത്താവ് ഉമൈര്‍ ജസ്വാളില്‍ നിന്ന് വിവാഹമോചനം നേടിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ചാനലിലെ ഏതെങ്കിലും പരിപാടികള്‍ക്ക് മാലിക്കിനെ ക്ഷണിക്കുമ്പോഴെല്ലാം, സനയെയും വിളിക്കണമെന്ന വ്യവസ്ഥയില്‍ മാത്രമേ മാലിക്ക് വരൂവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
‘ഉമൈറിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും എന്നാല്‍ സാനിയ മിര്‍സയും കുടുംബവും മാലിക്കിന്റെ കുടുംബവും ഇത് അറിയുന്നത് കഴിഞ്ഞ വര്‍ഷമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.