തിരുവന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി നടി ശോഭന മത്സരിക്കുമെന്ന വാർത്തകൾ വെറും അഭ്യൂഹം മാത്രം. ഇക്കാര്യം ശോഭനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഓൺലൈൻ മാധ്യമമായ മാധ്യമസിൻഡിക്കേറ്റ് റിപ്പോർട്ട് ചെയ്യുന്നു. വാർത്തകൾ ശുദ്ധ അസംബന്ധമാണെന്നും ശോഭന മത്സരിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പോലും നടന്നിട്ടില്ലെന്നും താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
തൃശൂരില്‍ നടന്ന ബിജെപിയുടെ വനിതാ സംഗമത്തില്‍ ശോഭന പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശോഭന സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ചര്‍ച്ചയാക്കിയത്. ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. ഈ വാര്‍ത്ത തെറ്റാണെന്ന് ശോഭന തന്നെ അടുപ്പക്കാരെ അറിയിച്ചിട്ടുണ്ട്.
കേരള സര്‍ക്കാരിന് കീഴിലെ കേരളീയം പരിപാടിയുടെ അംബാസിഡറായ ശോഭന ബിജെപിയുടെ വേദിയില്‍ എത്തുകയും മോദിയുടെ സ്ത്രീ ശാക്തീകരണ പദ്ധതികളെ പുകഴ്ത്തുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന മത്സരിക്കുമെന്ന വാര്‍ത്ത പ്രചരിച്ചത്. നേരത്തെ ചാലക്കുടിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്നും പ്രചരണമുണ്ടായിരുന്നു. ഈ വാർത്ത മഞ്ജുവും നിഷേധിച്ചിരുന്നു.