ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ രക്ഷിക്കാന്‍ മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കര്‍ണാടക നഗരവികസന മന്ത്രി ബൈരതി സുരേഷ് കത്തിച്ചതായി കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ. പാര്‍ട്ടി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ശോഭ കരന്തലജെയുടെ ഗുരുതര ആരോപണം.
ബെംഗളൂരു നഗരവികസന മന്ത്രി ബൈരതി സുരേഷ് മൈസൂരുവിലേക്ക് പോയെന്നും 1997 ന് ശേഷമുള്ള എല്ലാ ഫയലുകളും കാറില്‍ കയറ്റിയെന്നും പറഞ്ഞ ശോഭ ആ ഫയലുകള്‍ എവിടെപ്പോയി എന്ന ചോദ്യം ഉന്നയിച്ചു. സിദ്ധരാമയ്യയെ സംരക്ഷിക്കാന്‍, മുഡയുടെ എല്ലാ ഫയലുകളും മന്ത്രി ബൈരതി കൊണ്ടുപോയി കത്തിച്ചുവെന്നാണ് ശോഭ ആരോപിക്കുന്നത്. മാത്രമല്ല, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിയും ബൈരതി സുരേഷിന്റെ അറസ്റ്റും ഇതോടൊപ്പം കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.