ആലപ്പുഴ: പിണറായിയോളം തലപ്പൊക്കമുള്ള സി പി എം നേതാവ് ബി ജെ പിയിൽ ചേരാൻ ചർച്ച നടത്തിയെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ. ബിജെപിയിൽ ചേരാനിരുന്നത് ആ സി പി എം നേതാവ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണെന്നാണ് ശോഭയുടെ വെളിപ്പെടുത്തൽ. ഇ പി, ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് 90 ശതമാനം ചർച്ചയും പൂർത്തിയായിരുന്നതായും അവസാന നിമിഷം പിന്മാറിയെന്നും അവർ പറഞ്ഞു. പാർട്ടി ക്വട്ടേഷൻ ഭയന്നാണ് ഇ പി തീരുമാനം മാറ്റിയതെന്നും ശോഭ പറഞ്ഞു. ഇ പിയുടെ മകൻ തനിക്ക് വാട്സാപ്പ് മെസേജ് അയച്ചതായും ആ തെളിവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കർ കണ്ട സി പി എം നേതാവ് ഇ പി ജയരാജനാണെന്ന വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാറും രംഗത്തെത്തിയിരുന്നു. ഇ പിയെയും തന്നെയുമാണ് ജാവദേക്കർ കണ്ടതെന്നും ഇടതുമുന്നണി സഹായിച്ചാൽ പാർട്ടിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കാർ ഇ പി ജയരാജനോട് പറഞ്ഞെന്നും നന്ദകുമാർ വെളിപ്പെടുത്തി. പകരം എസ് എ ൻ സി ലാവലിൻ കേസ്, സ്വർണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന ഉറപ്പും കൊടുത്തു. ബി ജെ പിക്ക് വേണ്ട സീറ്റ് തൃശൂരാണെന്നും ജാവദേക്കർ പറഞ്ഞതായി നന്ദകുമാർ പറഞ്ഞു. പക്ഷേ ഇ പി അത് സമ്മതിച്ചില്ലെന്നും അങ്ങനെ ചർച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.