തിരുവനന്തപുരം: ഇ.പി ജയരാജനും കെ സുധാകരനും ബിജെപിയിലേക്ക് പോകാന്‍ താത്പര്യം ഉണ്ടായിരുന്നുവെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെ ശോഭ സുരേന്ദ്രന്‍ പറഞ്ഞത് ഇ.പി ജയരാജനെക്കുറിച്ചെന്ന് തന്നെയെന്ന് ഉറപ്പിച്ച് ദല്ലാള്‍ നന്ദകുമാര്‍ രംഗത്ത്.
ലാവ്‌ലിന്‍ കേസില്‍ സഹായം തേടി ഇപി ജയരാജന്‍ ജാവ് ദേക്കറെ കണ്ടെന്നും നന്ദകുമാര്‍ പറയുന്നു. അപ്പോള്‍ തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കണമെന്ന ആവശ്യം ജാവദേക്കര്‍ ജയരാജന് മുന്നില്‍ വെച്ചെന്നും നന്ദകുമാര്‍ ആരോപിക്കുന്നു.
അതേസമയം, കെ. സുധാകരന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ബി. ജെ.പിയില്‍ ചേര്‍ന്നേനെയെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി.
ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞ സിപിഎം നേതാവ് ഇ.പി ജയരാജനാണെന്നാണ് കെ സുധാകരന്‍ രാവിലെ പറഞ്ഞത്. എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതിനു പിന്നാലെയായിരുന്നു ചര്‍ച്ചയെന്നും ഇ.പി ജയരാജന് പാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്നുവെന്ന തോന്നലുണ്ടായെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി ഗവര്‍ണര്‍ സ്ഥാനം പറഞ്ഞുറപ്പിച്ചു. എന്നാല്‍ സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ.പി പിന്‍മാറിയെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.
സംഭവം വിവാദമായ സാഹചര്യത്തില്‍ സുധാകരന്‍ ബി.ജെ.പിയിലേക്ക് പോകാന്‍ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി മറുപടിയുമായി എത്തി. ആരോപണത്തില്‍ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.