ആലപ്പുഴ: പദ്മജ വേണുഗോപാൽ ബിജെപിയിലേക്കു പോകുന്നതിനെ വിമർശിച്ച കെ.മുരളീധരനെ പരിഹസിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മുരളീധരന് ശക്തമായ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ടെങ്കിലും, ഭാവിയിൽ ‘മുരളീ ജീ’ എന്നു വിളിക്കേണ്ടി വന്നാലോ എന്ന് ഓർത്താണ് മിണ്ടാത്തതെന്നു ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥികൂടിയായ ശോഭ സുരേന്ദ്രൻ പരിഹസിച്ചു.
ജീവിച്ചിരിക്കുന്ന കാലത്ത് പിതാവ് കെ.കരുണാകരന്റെ പേരിന്റെ വിലയിടിക്കുന്ന പല കാര്യങ്ങളും മുരളീധരൻ ചെയ്തിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ബിജെപിയിലേക്ക് കെ.മുരളീധരൻകൂടി കടന്നുവരാന്‍ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിലനിൽക്കുന്നതെന്നും ശോഭ പറഞ്ഞു.
ഇന്ന് ബിജെപിയെ സംബന്ധിച്ച് കൂടുതല്‍ രാശിയുള്ള ദിവസമാണ്. കാരണം ഡല്‍ഹിയില്‍ ഒരു ചര്‍ച്ച നടക്കാന്‍ പോകുകയാണ്. ഇത് പെട്ടെന്ന് സംഭവിച്ചതല്ല. ഒരു സഹോദരികൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നുവെന്ന ശുഭവാര്‍ത്ത കേട്ടാണ് താന്‍ ആലപ്പുഴയിലെത്തയിട്ടുള്ളതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പദ്മജജയുടെ തീരുമാനത്തോട് അച്ഛെൻറ ആത്മാവ് പൊറുക്കില്ലെന്നും ഇനി സഹോദരിയെന്ന ബന്ധം പോലും അവരോടില്ലെന്നുമാണ് മുരളീധരൻ പറഞ്ഞത്. അതേസമയം, മടുത്തിട്ടാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത് എന്നായിരുന്നു പദ്മജജയുടെ വിശദീകരണം.